മകള്‍
അരിച്ചെടുക്കാന്‍ പോലും പറ്റാത്ത വിധം ഓര്‍മ്മകള്‍
മങ്ങിയിരിക്കുന്നു... നനുത്ത ഒരു സ്പര്‍ശം തോളില്‍ പതിച്ചതും തലയുയര്‍ത്തി
നോക്കിയതും മാത്രമേ ഓര്മയുള്ളൂ...
അവിടെയും ഇവിടെയും വെള്ള പൂശിയ ചെറിയ മുറിയിലെ കട്ടിലില്ക്കിടന്ന്
കണ്ണ് തുറക്കുമ്പോള്‍ നേരെ കണ്ടത് മെല്ലെക്കറങ്ങുന്ന ഒരു പഴയ ഉഷ ഫാനാണ്;
മുറിയ്ക്കുള്ളില്‍ നിറഞ്ഞു നില്ക്കുന്ന ശ്വാസം മുട്ടിക്കുന്ന ചൂടുകാറ്റിനെ തള്ളി
നീക്കാന്‍ അത് നന്നേ ബുദ്ധിമുട്ടുന്നുണ്ട്... ഒരു നിമിഷത്തേക്ക് ആ ഫാനിന്റെ
നടുഭാഗത്തായി ചുക്കിച്ചുളിഞ്ഞ ഒരു മുഖം പ്രത്യക്ഷപ്പെട്ട പോലെ... ഓര്‍മകളെ തള്ളി
നീക്കാനുള്ള കഷ്ടപ്പാടില്‍ ആ മുഖം ഫാനിന്റെ പല ഇതളുകളിലായി മുറിഞ്ഞ്
നീങ്ങി...പതിയെ ഫാനിന്റെ വേഗത കുറഞ്ഞു, ചുക്കിച്ചുളിഞ്ഞ മുഖം ഇല്ലാതായി, കറക്കം
നിന്നു!
“കറണ്ട് വീണ്ടും പോയോ!”
അടുത്ത മുറിയില്‍ നിന്നും ഒരു പുരുഷ ശബ്ദം. “ആഹാ... ഉണര്‍ന്നോ? കുടിക്കാന്‍
എന്തെങ്കിലും എടുക്കട്ടോ?”
ശബ്ദം അടുത്തേക്ക് നീങ്ങുന്നുണ്ട്. ജനാലയിലൂടെ അരിച്ചിറങ്ങുന്ന
അസ്തമയസൂര്യന്റെ ചെറിയ വെളിച്ചത്തില്‍, തിമിരത്തിന്റെ പാട ബാധിച്ച അറുപതു
വയസുള്ള കണ്ണുകള്‍ കാണുന്നത് ചുവന്ന സാരിയിലെ വെളുത്ത പുള്ളികള്‍ മാത്രമാണ്...
ശബ്ദം തൊട്ടടുത്തെത്തി പറഞ്ഞു:
“പേടിക്കണ്ട, ഒരു കുഴപ്പവുമില്ല...
നട്ടുച്ചവെയില് കൊണ്ടതിന്റെ ചെറിയ മയക്കം ആണെന്നാണ് ഡോക്ടര്‍ പറഞ്ഞത്.”
ശബ്ദം പുരുഷന്റെത് തന്നെയാണ്. കാഴ്ചയ്ക്ക് മാത്രമേ പ്രശ്നമുള്ളു;
കേള്‍വിക്കില്ല. ഉടുത്തിരുന്ന നേര്യതിന്റെ അറ്റമെടുത്ത് കണ്ണുകള്‍ മെല്ലെ ഒന്ന്
തുടച്ചു... ചുവപ്പില്‍ വെളുത്ത പുള്ളിയുള്ള സാരി, കടുംനീല ബ്ലൗസ്; കാഴ്ച്ച
ഒന്നുകൂടി വ്യക്തമായി. വാടിത്തുടങ്ങിയ മുല്ലപ്പൂവിന്റെ ഗന്ധം.
“ഇത് കുടിച്ചോളു...” ഒരു ഗ്ലാസ് തന്റെ നേര്‍ക്ക്
നീളുമ്പോള്‍, നിറമില്ലാത്ത വെള്ളത്തെക്കാളേറെ മങ്ങിയ കാഴ്ച്ചയുടെ ശ്രദ്ധ ആകര്‍ഷിച്ചത്
ആ കയ്യില്‍ കിടന്ന ചുവന്ന നിറത്തിലുള്ള കുപ്പിവളകളിലേക്കും അതിന്റെ
കിലുക്കത്തിലേക്കും ആയിരുന്നു...
പുരുഷന്?!!
ചിന്തകളുടെ നിശബ്ദതയെ കീറിമുറിച്ച് ഉഷ ഫാനിന്റെ
ശബ്ദം.
“ഏട്ടനോട് വരാന്‍ പറഞ്ഞിട്ടുണ്ട്.
മറുപടിയൊന്നും പറയാതെ ഫോണ്‍ വെച്ചു... വരുമായിരിക്കും!”
സ്വിച്ചിട്ട
ശബ്ദത്തിനു പിന്നാലെ വെളിച്ചം നിറഞ്ഞത് മുറിയില്‍ മാത്രമായിരുന്നില്ല... അവ്യക്തത
വെല്ലുവിളിക്കുന്ന ഓര്‍മ്മകള്‍ ആ ബള്‍ബിന്റെ മങ്ങിയ മഞ്ഞവെളിച്ചത്തില്‍
വ്യക്തമാവുന്നുണ്ടായിരുന്നു!
“രാത്രിയിലേക്ക്
കുറച്ച് കഞ്ഞി ഇരിപ്പുണ്ട്, മതിയാവുമായിരിക്കും...”
അരണ്ട മഞ്ഞവെളിച്ചത്തിലേക്ക് ചുവന്ന
സാരിയുടുത്ത, പുരുഷ ശബ്ദമുള്ള ആ രൂപം അലിഞ്ഞില്ലാതെയായി... അപ്പുറത്തെവിടെയോ
നിന്ന് ഒരു കുഞ്ഞിന്റെ കരച്ചില്...
“വിനീഷ്...”
ആഞ്ഞു മിടിക്കുന്ന ഹൃദയത്തോടൊപ്പം വരണ്ട ചുണ്ടുകളും അറിയാതെ മന്ത്രിച്ചു.
“വിനീത!”
അപ്പുറത്തെ മുറിയില്‍ നിന്നും പുരുഷ ശബ്ദം തിരുത്തി.
ആ തിരുത്തല്‍ ഒരു തിരിച്ചറിവാണ്;
തിരിഞ്ഞുനോട്ടമാണ്... തിമിരം മൂടിയ കണ്ണുകള്‍ക്ക് ഒരു ഉള്‍ക്കാഴ്ച!
ചൂടുകാറ്റിനെ തള്ളിനീക്കാന്‍
ബുദ്ധിമുട്ടിക്കൊണ്ട് ആരോടോ പരാതി പറഞ്ഞ് ചിണുങ്ങുന്ന ഫാനിന്റെയും, വിനീഷില്‍
നിന്ന് വിനീതയായ മാറ്റത്തിന്റെ മുല്ലപ്പൂഗന്ധത്തിന്റെയും അകമ്പടിയോടെ അരണ്ട മഞ്ഞവെളിച്ചത്തില്‍
തിമിരത്തില്പ്പൊതിഞ്ഞ ഓര്‍മകള്‍ക്ക് വ്യക്തതയേറി...
...ബന്ധങ്ങളെക്കാളേറെ
അഭിമാനത്തിനും തറവാടിത്തത്തിനും വില കൊടുത്തിരുന്ന ആ സമയം ഏതാണ്ട് ഇരുപത്തഞ്ച് വര്‍ഷങ്ങള്‍
പിറകിലാണ്... കളിക്കൂട്ടുകാരിയുടെ പുള്ളിപ്പാവാടയും ബ്ലൗസും കണ്മഷിയും കടം വാങ്ങി
വീട്ടില്‍ വന്ന് കണ്ണാടിയ്ക്കു മുന്പില് നിന്നൊരുങ്ങുന്നത് ഒരു എട്ടു വയസുകാരന്റെ
കുസൃതിയെന്നു കരുതി ചിരിച്ചു തള്ളിയ കാലം...
“കോമാളി
വേഷം കെട്ടാതെടാ...” എന്നു കളിയാക്കി ഓടുന്ന ഏട്ടനെ നോക്കി ഒട്ടും ദേഷ്യമില്ലാതെ
ജന്മനാ ഉള്ള സൗമ്യഭാവത്തോടെ, “പെണ്‍കുട്ടികള്‍ കോമാളികളാണോ?” എന്ന് അവന് മറുത്ത് ചോദിക്കാന്‍
തുടങ്ങിയപ്പോള്‍, ഒരു പെണ്ണെന്ന നിലയില്‍ അഭിമാനമാണോ അതോ ഒരു അമ്മയെന്ന നിലയില്‍ കാളലാണോ
ഉള്ളില്‍ ഉണ്ടായത് എന്ന് തിരിച്ചറിയാന്‍ വൈകി...
പെണ്ണായുള്ള ഒരുക്കം വീടിന്റെ അകത്തട്ടില്‍
നിന്നും വിരുന്നുകാരുടെ മുന്പിലേക്കായപ്പോള് അഛന്റെ ഭീഷണി നിറഞ്ഞ
കണ്ണുരുട്ടലില്‍ നിന്നും അവനെ രക്ഷിക്കാന്‍ സാരിത്തുമ്പുകൊണ്ട് മറച്ച്
നിലവറയിലേക്ക് നയിക്കുമ്പോഴും വരാനിരുന്ന വിധി എന്തെന്ന് മനസിലായിരുന്നില്ല...
സുഹൃത്തുക്കള്‍ ഒരുപാടുണ്ടായിട്ടും മണ്ണപ്പം
ചുട്ടും, പറമ്പില്‍ ഉപേക്ഷിക്കപ്പെട്ട പാവയെ ദത്തെടുത്ത് കണ്ണെഴുതിച്ചും
പൊട്ടുകുത്തിച്ചും തനിയെ സന്തോഷം കണ്ടെത്തുന്നത് കണ്ടപ്പോള്‍ കാരണമറിയാത്തൊരു
വിങ്ങല്‍ അമ്മമനസിനുണ്ടായിരുന്നു. ഒരു പതിനഞ്ചു വയസുകാരനില്‍ പെണ്കുട്ടികളുടേതെന്നപോലെ
ശാരീരിക മാറ്റം അച്ഛന് ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോഴാണ് കാര്യങ്ങള്‍ മാറി
മറിഞ്ഞത്.
“തറവാടിന്റെ
മാനം കളയാനുണ്ടായ അസുരവിത്ത്” എന്ന് ചൊല്ലി അച്ഛന് പുറത്തേക്ക് തള്ളുമ്പോള്‍
അമ്മയുടെ മാറിടം വിങ്ങിയിരുന്നോ?
തനിയെ നടന്നു നീങ്ങുന്ന ആ പതിനഞ്ചുകാരനെ
പിന്നില്‍ നിന്ന് “മകനെ” എന്നു വിളിക്കണോ “മകളെ” എന്ന് വിളിക്കണോ എന്നറിയാതെ
ജനലഴികളില്‍ പിടിച്ച് വിതുമ്പുമ്പോള്‍, മാറ്റം വന്ന ശരീരത്തില്‍ ആവുവോളം ആഞ്ഞ് ചുംബിച്ച്
ക്ഷീണിച്ച് ഒടിഞ്ഞ് കിടക്കുന്ന പേരക്കമ്പുകള്‍ തന്റെ കണ്ണുകളിലേക്ക് ഉറ്റു
നോക്കിയതുപോലെ!
“നമുക്കൊരു
മകന് മതി... അവന് നമ്മളെ നോക്കിക്കൊള്ളും.” എന്ന ആശ്വാസ വചനത്തിനൊടുവില്‍,
മുറിവുകള്‍ മായ്ച്ച് കാലം കടന്നു പോയപ്പോള്‍ ഒരു ചിതയില്‍ ഒറ്റയ്ക്കെരിഞ്ഞു
തീരുമ്പോഴും തിരി തെളിക്കാന്‍ ഒരു മകന് മാത്രമേ ഉണ്ടായിരുന്നുള്ളു...
പേരക്കുട്ടികളുടെ കളിചിരികളെയും മങ്ങിച്ചു
കൊണ്ട് തിമിരം തന്റെ കടന്നു വരവറിയിച്ചപ്പോള്‍ ഒരു മകനും മരുമകള്‍ക്കും അമ്മയുടെ
ചിലവുകള്‍ താങ്ങാന്‍ കഴിയതായിക്കാണും...
“ഇപ്പോള്‍
തിരിച്ചു വരാം” എന്ന കഴമ്പില്ലാത്ത വാചകം മറയാക്കി, പരിചയമില്ലാത്ത നഗരനടുവില്‍
ഇറക്കി വിടുമ്പോഴും മങ്ങിയ കണ്ണുകള്‍ ആ ഒരു മകനെ നോക്കി പുഞ്ചിരിച്ചു...
വഴി തെറ്റി വന്ന ഒരു പൂച്ചക്കുഞ്ഞിനെ നോക്കി സമയം കളയവേ, അര്‍ത്ഥമില്ലാത്ത കാത്തിരിപ്പിനൊടുവില്‍, ആരോടോ പകപോക്കാനെന്ന വണ്ണം
എരിയുന്ന സൂര്യന് തന്റെയുള്ളിലുണ്ടായിരുന്ന അവസാന ജലകണവും വലിച്ചെടുത്തു എന്ന
തിരിച്ചറിവില്‍ വഴിയരികില്‍ ഒരു ഇരിപ്പിടം കണ്ടെത്തിയപ്പോഴാണ് തോളില്‍ ആ നനുത്ത
സ്പര്‍ശം...
തിരിച്ചു വരാം എന്ന് പറഞ്ഞവനല്ല, ഒരിക്കലും
തിരിച്ചു വരരുതേ എന്ന് ആഗ്രഹിച്ചവനാണ് എന്ന തിരിച്ചറിവ് വന്നത് വൈകിയാണ്!
“കഞ്ഞി
വിളമ്പട്ടെ?” ഓര്‍മകള്‍ക്ക് വിരാമം.
“അമ്മേ
എന്ന് വിളിക്കില്ലാന്നുണ്ടോ?” ശബ്ദം ഇടറിയത് പോലെ.
മൗനം.
“എന്താ
മറുപടി പറയാത്തത്?”
നിശബ്ദത. ചുവന്ന സാരിത്തുമ്പ് മുഖത്തിനു നേരെ
ഉയരുന്നതും, കണ്ണുകള്‍ തുടയ്ക്കുന്നതും മങ്ങിക്കാണുന്നുണ്ട്.
“വിളിക്കണമെന്നുണ്ട്...
ആ രണ്ടക്ഷരമാണ് എന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചത്... നിങ്ങള്‍ നല്കിയ വേദനയാണ്,
അനസ്തേഷ്യ ഇല്ലാത്ത ശസ്ത്രക്രിയയുടെയും ചൂട് വെളിച്ചെണ്ണയുടെയും വേദന സഹിക്കാന്‍
എനിക്ക് പ്രചോദനമായത്. ആ രണ്ടക്ഷരത്തോടുള്ള ബഹുമാനമാണ് ഇന്ന് ഇവിടേക്ക് നിങ്ങളെ
കൊണ്ടുവരാന്‍ എന്നെ പ്രേരിപ്പിച്ചത്!”
കണ്ണുനീര് കാഴ്ച്ചയെ കൂടുതല്‍
മങ്ങലുള്ളതാക്കുന്നു.
“ഏട്ടന് വരുന്നില്ല എന്ന് വിളിച്ചു
പറഞ്ഞു... അമ്മ വരൂ, നമുക്ക് കഴിക്കാം.”
‘നമുക്കൊരു മകന് മതി, അവന് നമ്മളെ
നോക്കിക്കോളും,’ എന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞ ശബ്ദത്തിനുടമ എവിടെയെങ്കിലും
ഇരുന്ന് കാണുന്നുണ്ടാവുമെന്ന വിശ്വാസത്തില്‍, നീണ്ടു വന്ന കൈകളില്‍
മുറുക്കിപ്പിടിച്ചു കൊണ്ട് ചോദിച്ചു,
“മോന്
ഈ അമ്മയോട് ക്ഷമിക്കില്ലേ?”
ഇടറിയ വാക്കുകളെ കരുതല്‍ക്കൊണ്ട് ഒന്നിച്ച്
ചേര്‍ക്കാനെന്നവണ്ണം പുഞ്ചിരി നിറഞ്ഞ ചുണ്ടുകളോടെ ആ പുരുഷശബ്ദം ചെവിയില്‍
മന്ത്രിച്ചു,
“മകള്‍!”
കവി ഉദ്ദേശിച്ച കുറേ കാര്യങ്ങൾ മനസിലാകാൻ ഉണ്ട് .
മറുപടിഇല്ലാതാക്കൂSuper
മറുപടിഇല്ലാതാക്കൂThank you :)
ഇല്ലാതാക്കൂnallezhuthu......
മറുപടിഇല്ലാതാക്കൂNandi... :)
ഇല്ലാതാക്കൂKollallo appu😃😃
മറുപടിഇല്ലാതാക്കൂ😊😊😊
ഇല്ലാതാക്കൂ🙂🙂
മറുപടിഇല്ലാതാക്കൂ