ഒരു പവര്‍കട്ടിന്‍റെ ഓര്‍മയ്ക്ക്...
പവര്‍കട്ടുള്ള രാത്രികളില്‍ നിശബ്ദമായ മുറിയില്‍ കിടന്ന്‍, ഉള്ള ഉറക്കത്തെ കൂടി മൂളി അകറ്റുന്ന കൊതുകിനെ പ്രാകി ഓടിച്ച് എപ്പോഴോ ഒരു ചെറു മയക്കം കണ്ണുകളെത്തലോടുമ്പോള്‍, ദൈവത്തിനു നന്ദി പറഞ്ഞ് കണ്ണടക്കുമ്പോള്‍ മനസും ആ മുറി പോലെ നിശബ്ദമാവും...
കാതോര്‍ത്താല്‍ ചില ശബ്ദങ്ങളൊക്കെ കേള്‍ക്കാം... അതുവരെ കേട്ടിട്ടിലാത്തവ; കേട്ടാലും ശ്രദ്ധിച്ചിട്ടില്ലാത്തവ ... രാത്രിയുടെ ശബ്ദങ്ങള്‍!
പൂര്‍ണ നിശബ്ദതയില്‍ മടുത്തിട്ടെന്നോണം ഇടയ്ക്കിടെ ഒച്ചയുണ്ടാക്കുന്ന ചീവീടുകളും, ആ സംഗീതത്തിനു മാറ്റ് കൂട്ടാനെന്ന പോലെ അകലങ്ങളില്‍ അങ്ങിങ്ങായി ഓലിയിടലുകളും...
അപ്പുറത്താരോ ഉറക്കം വരാതെ മുറ്റത്തിറങ്ങി ഉലാത്തുന്നുണ്ടാവും...എ.സിയുടെ കടന്നു വരവോടെ അടച്ചു പൂട്ടപ്പെട്ട വെന്‍റിലേഷനിലൂടെ അകത്ത് കടക്കാന്‍ കഴിയാതെ നിരാശനായി വഴി മാറിപ്പോകുന്ന കാറ്റിനെ തേടി പുറത്ത് ഉലാത്തുന്ന മനുഷ്യന്‍...
ജനലഴികളിലൂടെ അരിച്ച് കയറുന്ന ഇളം തെന്നലിന് ഉത്തരത്തില്‍ ജീവനില്ലാതെ കിടക്കുന്ന പങ്കയുടെ കാറ്റിനെക്കാള്‍ കുളിരുണ്ട്... ഇത് അറിയാമെങ്കിലും എന്നും ജനാല തുറന്നിടാന്‍ മടിയാണ്... കറന്‍റില്ലെങ്കില്‍ വേറെ വഴിയില്ലല്ലോ...
ഉറക്കമില്ലാത്ത രാത്രിയിലെങ്കിലും കണ്ണില്‍ കണ്ണില്‍ നോക്കി സമയം കളഞ്ഞൂടെ എന്നൊരു ചോദ്യചിഹ്നമായി നില്‍ക്കുന്ന ചന്ദ്രനും, തൊടിയിലെ മാവിലകള്‍ക്കിടയിലൂടെ ചന്ദ്രനു നേരെ ഒരു ഒളിഞ്ഞുനോട്ടം പായിക്കുമ്പോള്‍ അല്പം കുശുമ്പോടെ ഞങ്ങള്‍ക്കിടയിലൂടെ കാര്‍മേഘങ്ങളും ...
അതു വരെ കേള്‍ക്കാത്ത ശബ്ദങ്ങളും കാതോര്‍ത്ത്, കാണാത്ത കാഴ്ച്ചകളും കണ്ട് കിടക്കുമ്പോള്‍ നിശബ്ദതയെയും ചീവീടിന്‍റെ സംഗീതത്തെയും മുക്കികളഞ്ഞു കൊണ്ട് ഫാന്‍ കറങ്ങാന്‍ തുടങ്ങും... അപ്പുറത്തെ മുറികളില്‍ നിന്ന് അപ്പോള്‍ ദൈവത്തിനു സ്തുതി കേള്‍ക്കാം...
ചന്ദ്രന്‍റെ ചോദ്യചിഹ്നത്തിനു പൂര്‍ണ വിരാമം ഇട്ടു കൊണ്ട് തെരുവ് വിളക്കുകള്‍ ഉത്തരം കൊടുക്കും... രാത്രി രാത്രിയായല്ലേ ഇരിക്കേണ്ടത്? രാത്രിയ്ക്ക് ഇരുട്ടല്ലേ ഭംഗി? എന്നിങ്ങനെ നൂറു ചോദ്യങ്ങള്‍ക്ക് ഉത്തരം തേടി അലയുന്ന മനസിനെ പിടിച്ച് കെട്ടുമ്പോഴേക്കും കുളിര് കുറവാണെങ്കിലും ഫാനിന്‍റെ കാറ്റിനു സുഖമൊന്നു വേറെ ആണെന്ന് ആരോ പറഞ്ഞ് തിരിച്ച് വിട്ടിട്ടുണ്ടാവും....
നേരം വെളുത്തു എന്ന് അലാറം അറിയിപ്പ് തരുമ്പോള്‍, സൂര്യന്‍റെ വെളിച്ചമല്ല, മുറിയിലെരിയുന്ന ട്യൂബ് ലൈറ്റ് ആണ് കണ്ണില്‍ ആദ്യം പെടുക... തലേന്ന് രാത്രി ഓഫാക്കിയ വൈ-ഫൈ ഓണാക്കി മൊബൈല്‍ ഫോണിലേക്ക് തല കുനിയ്ക്കുമ്പോള്‍ രാത്രിയില്‍ എപ്പഴോ അടച്ചു കളഞ്ഞ ജനാലയും, ഇളം തെന്നലും, തല്ക്കാല ഉറക്കത്തിനു വേണ്ടി പോയ ചന്ദ്രനും, ഇനിയുമൊരു പവര്‍കട്ടിന് വേണ്ടി കാത്തിരിക്കുകയാവും.....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ