ഓര്‍മ്മ

സമര്‍പ്പണം: ഓര്‍മകളാകുന്ന ഓരോ നിമിഷത്തെയും മറവി കൊന്നു കൊലവിളിക്കുമ്പോഴും, "എനിക്ക് മറവിയില്ല," എന്ന് പറഞ്ഞ് പുഞ്ചിരിച്ചുകൊണ്ട്  ജീവിതത്തെ നേരിടുന്ന ഓരോ വൃദ്ധജനത്തിനും...

അവ്യക്തതകളുടെ ഒരു കൂമ്പാരമാണ് ജീവിതം!

ഓര്‍മ്മ


തുടക്കം ‘അ’ തന്നെയാണ്.... ‘എ’, ‘ഐ,’.... ‘ഒ’... ‘ഐ’ കഴിഞ്ഞാല്‍ ‘ഒ’... പിന്നെ... ‘ഓ’.... ഓര്‍മ്മ...അതെ അത് തന്നെയാണ്.. ‘ഓര്‍മ്മ...!’

അക്ഷരമാല പരിചിന്തനം ചെയ്ത് കണ്ണടച്ച് കിടക്കുമ്പോഴാണ് പരിചയമുള്ള ഒരു ശബ്ദം...

“നോക്കു.. ഓര്‍മ്മ കിട്ടുന്നുണ്ടോ ഇതാരാണെന്ന്?”

കണ്ണുകള്‍ മെല്ലെത്തുറന്നു നോക്കുമ്പോള്‍ ചിരിക്കുന്ന ഒരു മുഖമാണ് മുന്‍പില്‍...

ഓര്‍മ... ഓര്‍ത്തെടുക്കണം...

“ഓര്‍മ്മയുണ്ടോ?”

ഓര്‍മ്മ... ഉണ്ട്... ഉള്ളതാണ്... ഉണ്ടായിരുന്നു...
ആ കണ്ണുകള്‍... അറിയാം... മനസിലാവുന്നുണ്ട്... ഓര്‍മ്മയുണ്ട്...

“മുത്തച്ഛന്‍ മറന്നോ എന്നെ?”

മുത്തച്ഛന്‍... ആ വിളി... ആ കണ്ണുകള്‍... അറിയാം...

കട്ടിലിന്റെ ഒരു ഓരത്തായി  ചിരിയ്ക്കുന്ന ഒരു മുഖം... തളര്‍ന്ന കൈകളെടുത്ത് മടിയില്‍ വെച്ചിട്ട് വീണ്ടും തന്നോട് ചോദിക്കുന്നു;

“ഓര്‍മ്മ കിട്ടുന്നില്ലേ മുത്തച്ഛന്?”

“ഇപ്പോ ഇങ്ങനെയാ മോളെ. കുറെ നേരം നോക്കികിടക്കും, പിന്നെ കണ്ണങ്ങ് പതുക്കെ അടയ്ക്കും. ഒന്നും ഓര്‍മ്മയില്ല... ആരെയും!!”  മറുപടി വന്നത് അപ്പുറത്ത് നില്‍ക്കുന്ന നരച്ച മുടിയുള്ള സ്ത്രീയില്‍ നിന്നാണ്.

ഓര്‍മ്മയില്ല പോലും... എനിക്കെല്ലാം ഓര്‍മ്മയുണ്ട്...എല്ലാവരെയും...ഈ സ്ത്രീ എന്തിനാണ് ഇടയ്ക്ക് കയറുന്നത്... ഞാന്‍ മറുപടി പറയുമായിരുന്നു... ഓര്‍മ്മയുണ്ട് എനിക്ക്...

“മുത്തശ്ശി... ഡോക്ടറെന്താ പറഞ്ഞത്??” ചിരിക്കുന്ന മുഖം നരച്ച മുടിയുള്ള സ്ത്രീയോട് ചോദിക്കുന്നു.

“പ്രായമായില്ലേ എന്ന്... അല്ലാതെന്ത് പറയാന്‍?!” സ്ത്രീ കുനിഞ്ഞ് കണ്ണ് തുടയ്ക്കുന്നു.

ഓര്‍മ്മയുണ്ട്... മരച്ചില്ലകള്‍ക്കിടയിലൂടെ വെയിലടിക്കുമ്പോഴുണ്ടാകുന്ന പോലൊരു തോന്നല്‍... നിഴല്‍...വെളിച്ചം...

ഓര്‍മ്മയുണ്ട്... ഉള്ള ഓര്‍മ്മകളെ മുഴുവന്‍ നാവു പിടിച്ച് കെട്ടുന്നതാണ്...
ചിരിക്കുന്ന മുഖം കൈകളില്‍ മെല്ലെ തഴുകി... ആ കണ്ണുകള്‍...

പ....പമ്പരം...പാടം...മുത്തച്ഛന്‍ എന്ന വിളി... ഓര്‍മ്മ...
ഓര്‍മ്മയുണ്ട്... ഉള്ളതാണ്...

വേദന... എവിടെയാണെന്ന് മനസിലാവുന്നില്ല.... നനവ്‌... കണ്ണുകളിലാണോ...?
ഓര്‍മ്മ... ഉണ്ട്... ഉള്ളതാണ്... ഉണ്ടായിരുന്നു...

ഇരുട്ട്...
...

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കലൈഡോസ്കോപ്

വിചിത്ര മനുഷ്യന്‍