വരവേല്‍പ്പ്



''കൊറേ വര്‍ഷം കൂടീട്ടാണല്ലേ നാട്ടിലോട്ട്?'' നീണ്ട മൗനത്തിന് വിരാമമിട്ടു കൊണ്ട് ഡ്രൈവര്‍ ചോദിച്ചു. 

''അതേ...''

''എന്ന് പോകും?'' 

ആ ചോദ്യം കേട്ടില്ല എന്ന് നടിച്ച് പുറത്തേക്ക് തന്നെ നോക്കിയിരുന്നു. പൂര്‍ണമായും ഒരു പ്രവാസിയായി എന്ന തിരിച്ചറിവായിരുന്നു ആ ചോദ്യം നല്‍കിയത്. 

അങ്ങനെ എല്ലാ പ്രവാസികളെയും പോലെ സ്ഥിരം ചിന്തകളിലേക്കും ഓര്‍മകളിലേക്കും അറിയാതെ ഞാനും വഴുതി വീണു... 

അമ്മയുടെ കൈ കൊണ്ടുണ്ടാക്കിയ രണ്ടുരുള ചോറുണ്ട് ഒന്ന് നടു നിവര്‍ത്തണം... മരുഭൂമിയില്‍ക്കൊണ്ട വെയിലിന്റെ ചൂടെല്ലാം ആ മടിയില്‍ കിടന്നകറ്റണം... ഒന്ന് സുഖമായിട്ടുറങ്ങണം!

പാടവരമ്പുകള്‍ക്കപ്പുറം ഓടിട്ട വീട്... ഉമ്മറപ്പടിയില്‍ അമ്മ കാത്തിരിപ്പുണ്ടാവും. മുറ്റത്ത് കാര്‍ ചെന്നു നില്‍ക്കുന്ന ശബ്ദം കേള്‍ക്കുമ്പോ അനിയത്തി ഓടി വരും, പെട്ടി തുറക്കാനാവും അവള്‍ക്ക് തിടുക്കം! അവള്‍ പറഞ്ഞേല്‍പ്പിച്ചതൊന്നും വാങ്ങിയില്ല എന്ന് പറഞ്ഞ് പറ്റിക്കണം... ക്ഷീണിച്ചു പോയല്ലോടാ എന്ന സ്നേഹശാസനങ്ങള്‍ക്കൊടുവില്‍ അമ്മയെക്കൊണ്ട് തലയില്‍ എണ്ണ തേപ്പിക്കണം, ആ കൈ കൊണ്ടുണ്ടാക്കിയ ചോറും കൂട്ടാനും മതിയാവോളം കഴിക്കണം... 

ടാര്‍ റോഡും കഴിഞ്ഞ് വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് കാര്‍ തിരിഞ്ഞു. അപ്പുറത്തെ വീടിന്റെ മുന്‍പില്‍ എന്താ ഒരു പന്തലും ആള്‍ക്കൂട്ടവുമൊക്കെ?ഗീതുവിന്റെ കല്യാണമോ മറ്റോ ആയിക്കാണും...

പത്രം വായിക്കാന്‍ ഗീതു ഉമ്മറത്ത് വരുന്ന സമയം നോക്കി പല്ല് തേക്കാന്‍ ബ്രഷുമെടുത്ത് പുറത്തേക്ക് വരുന്ന പൊടിമീശക്കാരനെ ഓര്‍ത്ത് ചുണ്ടത്തൊരു പുഞ്ചിരി വന്നുപോയി. ''നീ ഇത് എത്രാമത്തെ തവണയാടാ പല്ല് തേക്കുന്നെ'' എന്ന് അമ്മ ഉറക്കെ വിളിച്ച് ചോദിക്കുമ്പോള്‍ പൊട്ടി വന്ന ചിരിയെ ഒതുക്കി അവള്‍ പത്രത്തിലേക്ക് തന്നെ നോക്കിയിരിക്കും. അപ്പോള്‍ കാണാം, ''നിനക്ക് അകത്തിരുന്ന് പത്രം വായിച്ചൂടെ...'' എന്നും ചോദിച്ച് അവളുടെ അനിയന്‍ വാതുക്കല്‍ പ്രത്യക്ഷപ്പെടുന്നത്... അവന്റെ മുഖത്തേക്കെന്നോണം നീട്ടി ഒരു തുപ്പ് തുപ്പി താനും അകത്തേയ്ക്ക് കേറിപ്പോകും. മാനസികമായി അത്ര ചേര്‍ച്ചയിലല്ലാതിരുന്ന അയല്‍ക്കാര്‍ തമ്മില്‍ നടന്നിരുന്ന ആകെയുള്ള ആശയവിനിമയത്തിന്റെ തെളിവുകളായി അവന്റെ കലിപ്പ് നോട്ടവും എന്റെ നീട്ടിത്തുപ്പലുകളും അവശേഷിച്ചു. പഠിക്കാന്‍ വേണ്ടി ഗീതു ചെന്നൈയില്‍ പോയതോടെ അതും അവസാനിച്ചു!

വീടിന്റെ പക്കലുള്ള പോസ്റ്റില്‍ കറുത്ത തുണി. ദൈവമേ, ഇതു കല്യാണമല്ലല്ലോ!

രണ്ട് കയ്യും നീട്ടി എന്നെ സ്വീകരിക്കാന്‍ കാത്തു നില്‍ക്കുന്ന അമ്മയെയും, കുസൃതിച്ചിരിയോടെ എന്റെ പെട്ടികളിലേക്ക് നോക്കുന്ന അനിയത്തിയേയും പ്രതീക്ഷിച്ച് ടാക്സി ഗെയ്റ്റ് കടന്നു. കാറില്‍ നിന്നിറങ്ങിയ എന്നെ നോക്കി പരിഹാസച്ചിരിയോടെ അടഞ്ഞ വാതിലും പൂട്ടിയ താഴും! അയല്‍വീട്ടുകാര്‍ എങ്ങനെയായാലും എനിക്ക് നല്ലതൊന്നും തരില്ലല്ലോ എന്നോര്‍ത്ത് മരിച്ചവനെ പ്രാകാന്‍ മനസ് ഒന്നോങ്ങി... 
മരുഭൂമിയിലെ വെയിലില്‍ വാടിപ്പോകാതെ കിടന്ന ഒരു നുള്ള് മനുഷ്യത്വത്തിന്റെ ''എന്തിനാടാ???'' എന്ന ചോദ്യം പകുതിക്ക്  വെച്ച് എന്നെ തടഞ്ഞു. ഡ്രൈവറുടെ സഹായത്തോടെ പെട്ടിയൊക്കെ താത്തു വെച്ച് ഞാന്‍ പതുക്കെ അയല്‍വീട്ടിലേക്ക് നടന്നു. മുറ്റത്ത് നിറയെ ആളാണ്; അമ്മയേയും പെങ്ങളേയും അക്കൂട്ടത്തിലെങ്ങും കാണാനുമില്ല...

ആളുകളുടെ അടക്കിപ്പിടിച്ച സംസാരം... ഉള്ളില്‍ നിന്നും വാവിട്ട കരച്ചിലുകള്‍... ഭാഗവത പാരായണം...

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ഗള്‍ഫില്‍ പോകുമ്പോള്‍ തന്നെ  ഏതാണ്ട് തൊണ്ണൂറിനോടടുപ്പിച്ച് പ്രായമുണ്ടായിരുന്നു ഗീതുവിന്റെ അപ്പുപ്പന്. പ്രത്യേകിച്ച് പങ്ക് വെയ്ക്കാനും മാത്രം ഓര്‍മകളൊന്നും മൂപ്പരെപ്പറ്റി പറയാന്‍ എനിക്കില്ല. കഷണ്ടി കയറിയ തലയില്‍ അങ്ങിങ്ങ് നരച്ച മൂന്നാല് രോമങ്ങളുമായി, പല്ലില്ലാത്ത വായില്‍ എന്തോ ഉണ്ടെന്ന മാതിരി എപ്പോഴും ചവച്ച് ചവച്ചും, ചെറിയൊരു കൂനുമായി വളഞ്ഞും മൂപ്പരങ്ങനെ ഇടയ്ക്ക് മുറ്റത്ത് ഉലാത്തുന്നത് കണ്ടിട്ടുണ്ട്.

എന്നെ കണ്ടതും, മൂപ്പരുടെ മകന്‍ അടുത്തേക്ക് വന്ന് കയ്യില്‍ മുറുക്കെപ്പിടിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടതിന്റെ തിളക്കവും, ഇല്ലാതിരുന്ന ആത്മബന്ധം ഉണ്ടാക്കിയെടുക്കാനുള്ള ആഗ്രഹവും, മരണത്തിന്റെ സങ്കടവുമൊക്കെക്കൂടെ ഒന്നിച്ച് എന്തോ ഒരു ഭാവം ആ കണ്ണില്‍ മിന്നിമറഞ്ഞു...

 ''ഇത്രയും നാള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിച്ചല്ലോ എന്ന് സമാധാനിക്കാം'' എന്ന ആശ്വാസവാക്ക് പറയാനേ എനിക്ക് കഴിഞ്ഞുള്ളൂ. 

അയാളുടെ കണ്ണിലെ ഭാവം മാറി. പൊടുന്നനെ മുറുക്കിപ്പിടിച്ചിരുന്ന കയ്യയച്ച്, എന്നെ രൂക്ഷമായിട്ടൊന്നു നോക്കി അയാള്‍ തിരിഞ്ഞു നടന്നു! ആശ്വാസവാക്കുകള്‍ പറയുന്നതും ഇന്ത്യയില്‍ കുറ്റകരമായോ എന്നോര്‍ത്ത് ഞാനൊന്നു പകച്ചു...

വീടിനുള്ളില്‍ സ്ത്രീജനങ്ങളുടെ തിരക്കായത് കാരണം ഞാന്‍ പുറത്ത് കസേരയിട്ടിരിക്കുന്ന കാര്‍ന്നോന്മാര്‍ക്കൊപ്പം ഇടം പിടിച്ചു. വിശപ്പിന്റെ വിളി കേട്ടില്ലെന്നു നടിച്ചുകൊണ്ട് എല്ലാരേയും പോലെ മൂകമായി ഇരുന്നു. അതിവൃദ്ധനായ ഒരാള്‍ എങ്ങനെ മരിച്ചു എന്ന ചോദ്യം അപ്രസക്തമാണെന്ന തിരിച്ചറിവിലും, വിശപ്പിന്റെ കാഠിന്യം കുറയ്ക്കാം എന്ന ഉദ്ദേശത്തോടെ, അടുത്തിരുന്ന ആളോട്, എല്ലാരേയും പോലെ അടക്കിപ്പിടിച്ച സ്വരത്തില്‍ ഞാനും ചോദിച്ചു, ''എങ്ങനെയായിരുന്നു?'' 

എന്റെ ചോദ്യത്തിലെ പ്രസക്തിയില്ലായ്മ തീരെ ശ്രദ്ധിക്കാതെ ആ മനുഷ്യന്റെ മറുപടി, ''ആക്‌സിഡന്റായിരുന്നു! ടിപ്പര്‍ വന്നിടിച്ചതാ...''   

ഇത്രയും കാലം ജീവിച്ചത് ഇങ്ങനെ മരിക്കാനായിരുന്നോ എന്നോര്‍ത്തപ്പോള്‍ പാവം മൂപ്പരോട് ഒരു നിമിഷത്തേക്ക് എനിക്ക് അനുകമ്പ തോന്നി. 

കണ്ണുകള്‍ തുടച്ച് പുറത്തേക്ക് ഇറങ്ങിവരുന്ന അമ്മയെയും പെങ്ങളേയും കണ്ടപ്പോള്‍ അത്യുത്സാഹത്തോടെ ഞാന്‍ ചാടി എണീറ്റു. എന്നെക്കണ്ട അവരുടെ കണ്ണുകളിലും തിളക്കം.

അടുത്തെത്തിയ അമ്മയെ നെഞ്ചോടു ചേര്‍ക്കുമ്പോള്‍, പ്രതീക്ഷകളെ തെറ്റിച്ചു കൊണ്ട് അമ്മ ആദ്യം ചോദിച്ചത് ''കണ്ടോ?'' എന്നാണ്!
 
''എന്ത് കാണാനാണ്... വിശക്കുന്നമ്മേ!'' ചെറിയൊരു അമര്‍ഷത്തോടെ മറുപടി നല്‍കി. 

''അങ്ങനെയല്ലെടാ... ഒന്ന് ചെന്നു കണ്ടിട്ട് വാ...'' 

''ടിപ്പറിടിച്ചിട്ടാണേലും ആളിപ്പോ മരിച്ചു തന്നെയല്ലേ കിടക്കുന്നത്, അതിലിപ്പോ ഇത്ര കാണാനെന്താണ്!'' പിറുപിറുത്തു കൊണ്ട് ഞാന്‍ വാതില്‍ കടന്നു. 

വാതില്‍ക്കല്‍ വലിയ ചാരുകസേരയില്‍ കണ്ണുകള്‍ തുടച്ചു കൊണ്ട് ഗീതുവിന്റെ അപ്പുപ്പന്‍! അപ്പൊ മരിച്ചത്??? 

ഉള്ളില്‍ കരച്ചിലുകള്‍ക്കും ഭാഗവത പാരായണത്തിനും നടുവില്‍ വെള്ള പുതച്ച് ഗീതുവിന്റെ അനിയന്‍! 

പണ്ട് കണ്ട ചെറിയ പയ്യനല്ല, യുവാവാണ്... 

വീണ്ടും വീണ്ടും തെറ്റുന്ന പ്രതീക്ഷകള്‍ നല്‍കുന്ന ഞെട്ടല്‍ പുറമേ കാണിക്കാതെ ഒരു നിമിഷം സ്തബ്ധനായി നിന്നു. 

കലങ്ങിയ കണ്ണുകളുമായി ഗീതു... വര്‍ഷങ്ങള്‍ക്കിപ്പുറം ഞങ്ങള്‍ കണ്ണില്‍ക്കണ്ണില്‍ നോക്കുമ്പോള്‍ തടയാനെങ്കിലും ആ വെള്ളപ്പുതപ്പ് ഒന്ന് അനങ്ങിയിരുന്നെങ്കില്‍ എന്ന് അറിയാതെ ആഗ്രഹിച്ചു... 

തിരിഞ്ഞ് നടക്കുമ്പോള്‍ വാതിലിനിപ്പുറം ആള്‍ക്കാരുടെ അടക്കിപ്പിടിച്ച സംസാരങ്ങള്‍.. 

''നല്ലൊരു പയ്യനായിരുന്നു...''

''ആ ടിപ്പര്‍ ഡ്രൈവര്‍ വെള്ളമാരുന്നെന്നാ കേട്ടേ...''

''ഈ പ്രായത്തില്‍ ഈ ഗതി വന്നല്ലോ... കഷ്ടം...''

''അതേന്നെ... ആ മൂപ്പര്‍ക്കാണേല്‍ ഇപ്പൊ തൊണ്ണൂറ്റഞ്ച് കഴിഞ്ഞു... അയാളിരിക്കുമ്പോ ഈ പാവം പയ്യനെ എന്തിനാണോ അങ്ങോട്ട് വിളിച്ചത്...''

''അല്ലേലും നല്ലവരെ ദൈവം പെട്ടെന്നങ്ങ് വിളിക്കുമെന്നല്ലേ...''

നല്ലവരെ ദൈവം എന്തിനാണ് പെട്ടെന്ന് വിളിക്കുന്നത്? ഭൂമിയിലല്ലേ നല്ലവരുടെ ആവശ്യം?

''പോകാം'' എന്ന് അമ്മ പറയുമ്പോള്‍ ഒന്നും മിണ്ടാതെ തലയാട്ടാനെ കഴിഞ്ഞുള്ളൂ...

*************************************

ഇഷ്ടവിഭവങ്ങള്‍ കണ്‍മുന്‍പില്‍ ഇരിക്കുമ്പോഴും വെള്ള പുതച്ച ആ രൂപമായിരുന്നു ഉള്ളു നിറയെ... ദേഷ്യത്തോടെ മാത്രമേ ആ പയ്യനെ നോക്കിയിട്ടുള്ളു... എന്റെയും ഗീതുവിന്റെയും സ്വര്‍ഗത്തിലെ കട്ടുറുമ്പ്! ഞങ്ങളുടെ ഉള്ളിലെ പ്രണയത്തിന്റെ നാമ്പുകള്‍ മുളയിലെ ഞുള്ളിയവന്‍... ജനിക്കാതെ പോയ അളിയന്‍ എന്ന് എത്രയോ തവണ ഉള്ളില്‍ പറഞ്ഞ് ചിരിച്ചിട്ടുണ്ട്!

ചിന്തകളെ മുറിച്ചുകൊണ്ട് ഗെയ്റ്റ് തള്ളിത്തുറക്കുന്ന ശബ്ദം. ഒരു രൂപം ഉള്ളിലേക്ക് നടക്കുന്നു... ശരീരം കുറച്ചുകൂടി വളഞ്ഞിട്ടുണ്ട്, ഒരു വടിയും കുത്തിയാണ് നടക്കുന്നത്... പല്ലില്ലാത്ത വായിലെ ചവയ്ക്ക് മാറ്റമൊന്നുമില്ല... ഗീതുവിന്റെ അപ്പുപ്പന്‍!

ആളെ കണ്ട അമ്മ ഉമ്മറത്തേക്കു ചെന്നു... 

ഒരു പൊതി അമ്മയെ ഏല്‍പ്പിച്ചു കൊണ്ട് തൊണ്ണൂറ്റഞ്ചു വയസുള്ള ആ ശബ്ദം വിറച്ച് വിറച്ച് അവ്യക്തമായി പറഞ്ഞു, ''ഇവിടുത്തെ മോള്‍ക്ക് കൊടുക്കാന്‍ അവന്‍ വാങ്ങി വെച്ചിരുന്നതാണ്...''

തിരികെ വന്ന അമ്മ നിറകണ്ണുകളോടെ പൊതി മേശപ്പുറത്തു വെച്ചു.

പൊതിക്കുള്ളിലെ കുപ്പിവളകള്‍ പൊട്ടിച്ചിരിച്ചപ്പോള്‍ വാതിലിനു പിറകില്‍ അനിയത്തിയുടെ തേങ്ങിക്കരച്ചില്‍...

അകത്ത് പോയിരുന്ന് പഠിക്കെടി എന്ന് പറയേണ്ട സമയത്ത് അവളുടെ ഏട്ടന്‍ മരുഭൂമിയിലായിരുന്നു...

അയല്‍ വീടിന്റെ മതിലില്‍ ഉണങ്ങാന്‍ ഇനിയും സാവകാശം വേണമെന്ന് വിളിച്ച് പറഞ്ഞ് ടൂത്ത്‌പേസ്റ്റ് കറകള്‍... 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഓര്‍മ്മ

കലൈഡോസ്കോപ്

വിചിത്ര മനുഷ്യന്‍