പോസ്റ്റുകള്‍

2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കലൈഡോസ്കോപ്

സന്ധ്യ. കടല്‍. ചിന്തകള്‍. കടല്‍ത്തീരത്ത് കാഴ്ചകള്‍ കാണാനും കടല കൊറിക്കാനും തിരയെണ്ണാനും വന്ന നിരവധിപ്പേരില്‍ ഒരാളായിരുന്നു അയാളും. കടല്‍ക്കാഴ്ചകള്‍ മടുത്ത് പലരും മടങ്ങിയിട്ടും ഒക്കെയും കണ്ടും കേട്ടും അടുത്ത് വരുന്ന കച്ചവടക്കാരെ തെല്ലും ശ്രദ്ധിക്കാതെയും അയാളും അയാളുടെ ആലോചനകളും അവിടെത്തന്നെ തുടര്‍ന്നു. സൂര്യനെ മുഴുവന്‍ വിഴുങ്ങിയിട്ടും വിശപ്പടങ്ങാത്ത പോലെ കടല്‍ അയാള്‍ക്കു മുന്‍പില്‍ ആര്‍ത്തുകൊണ്ടേയിരുന്നു. കടലിനോട് മത്സരിക്കാനെന്ന പോലെ കാര്‍മേഘങ്ങള്‍ പാതി പപ്പടം തിന്നത് മതിയാവാതെ നക്ഷത്രക്കുഞ്ഞുങ്ങളെ ഓരോന്നിനെയായി വിഴുങ്ങുന്നു... വിശപ്പ്! ഈ ഭൂമിയിലും തന്റെ ജീവിതത്തിലും അതിലും വലുതായ പ്രശ്നങ്ങള്‍  ഒരുപാടുണ്ടെന്ന അയാളുടെ തിരിച്ചറിവിനെ ഊട്ടിയുറപ്പിക്കാനെന്നവണ്ണം മുഷിഞ്ഞ കുപ്പായത്തിനുള്ളില്‍ നിന്നും ഒരു വിറയല്‍. ഫോണ്‍. ഭാര്യ. കഴിഞ്ഞ നാലഞ്ചു മണിക്കൂറുകള്‍ക്കിടയില്‍  എത്രാമത്തെ തവണയാണ് വിളിക്കുന്നത് എന്ന് ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല. എടുത്താല്‍ അത്രയും തവണത്തെ സംഭാഷണങ്ങള്‍ ആവര്‍ത്തിക്കും എന്നറിയാം. ഓരോ തവണ എടുക്കുന്നതും അറിഞ്ഞുകൊണ്ട് തന്നെയാണ്. എടുത്തില്ലെങ്കില്‍ അവള്‍ ഭയക്കും.