ഓര്‍മ്മപ്പെടുത്തലുകള്‍

                                                          
          പെയ്തൊഴിഞ്ഞ മഴ ചാമ്പലായവയെ ഒക്കെ കുതിര്‍ത്തിരിക്കുന്നു... ചില ഓര്‍മ്മകള്‍ പോലെ ഈ ചാരവും ഇനി മണ്ണോടലിയും... വേദനിപ്പിക്കുന്ന ഓര്‍മ്മപ്പെടുത്തലുകള്‍ മാത്രം അവശേഷിക്കും!  എനിക്കുള്ള ഓര്‍മ്മപ്പെടുത്തല്‍ എന്‍റെ മുന്‍പില്‍ നടന്നു നീങ്ങുന്നുണ്ട്; വെള്ള സല്‍വാര്‍ കമീസും  നീല ദുപ്പട്ടയും ധരിച്ച്...!

******

എപ്പോഴും വെളുത്ത വസ്ത്രം ധരിക്കാനായിരുന്നു മീനക്കിഷ്ടം. അവളുടെ ജീവിതത്തിലേക്ക് നിറങ്ങള്‍ കൊണ്ടുവന്നത്  റഹിം ആയിരുന്നു. വെള്ള നിറത്തെ വിട്ടു കളയാന്‍ എന്നിട്ടും അവള്‍ തയ്യാറായില്ല; റഹിം വാങ്ങിക്കൊടുത്ത നിറമുള്ള തുണികളില്‍ നിന്ന് ദുപ്പട്ട മാത്രം എടുത്തിട്ട് ബാക്കി അലമാരയില്‍ താന്‍ പൂജിക്കുന്ന ഗണപതി വിഗ്രഹത്തിനടുത്തായി അടുക്കി വെച്ചേക്കും. വെളുപ്പില്‍ എല്ലാ നിറങ്ങളുമുണ്ടല്ലോ എന്ന അവളുടെ വാദത്തിനു മുന്‍പില്‍ റഹിമും നിശബ്ദനാവും. പതിയെ റഹിമും അവള്‍ക്ക് വെള്ള സല്‍വാര്‍ കമീസും നിറമുള്ള ദുപ്പട്ടകളും വാങ്ങികൊടുക്കാന്‍ തുടങ്ങുകയായിരുന്നു. മുഷ്ടിയോളം വലുപ്പമുള്ള തന്‍റെ ഹൃദയത്തില്‍ നിറയെ മീനയോടുള്ള പ്രണയം നിറഞ്ഞിരിക്കുകയാണെന്ന് എത്രയോ തവണ റഹിം എന്നോടും പറഞ്ഞിട്ടുണ്ട്...

മീനയുടെ ജീവിതത്തില്‍ മാത്രമല്ല, ഒരുപാട് പേരുടെ ജീവിതത്തില്‍ നിറങ്ങള്‍ പകര്‍ന്നിട്ടുണ്ട് റഹിം. മുംബൈ നഗരത്തിന്‍റെ ഒരു കോണിലുള്ള ഞങ്ങളുടെ തെരുവില്‍ ചായക്കട നടത്തുന്ന മലയാളിയായ ശങ്കരേട്ടനും, സ്ഥിരം പാലും മുട്ടയും പച്ചക്കറികളുമായി മുറിയിലെത്തുന്ന സമീറയ്ക്കും ഒക്കെ റഹിം വെറുമൊരു "ആര്‍ടിസ്റ്റ് ഭയ്യ" ആയിരുന്നില്ല, ജീവിതത്തില്‍ ചെറിയ ചെറിയ നിറപ്പകിട്ടുകള്‍ സമ്മാനിച്ച ദൈവം ആയിരുന്നു... താന്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ മറ്റാരും അനുഭവിക്കരുതെന്ന് റഹിമിന് നിര്‍ബന്ധമായിരുന്നു. തന്നാലാവും വിധം ജീവിതങ്ങളെ സന്തോഷം  നിറഞ്ഞതാക്കണമെന്നും... അനാഥാലയത്തില്‍ തന്നോടൊപ്പം കളിച്ചു വളര്‍ന്ന മീനയെ ജീവിതസഖിയാക്കാനുള്ള തീരുമാനവും അത്തരത്തിലൊന്നായിരുന്നു. വ്യത്യാസങ്ങളിലൂടെയുള്ള അവരുടെ സഞ്ചാരത്തില്‍ അവള്‍ വെളുപ്പിനെയും അവന്‍ നിറങ്ങളെയും സ്നേഹിച്ചു; അവന്‍ രൂപമില്ലായ്മയെയും അവള്‍ വിഗ്രഹങ്ങളെയും ആരാധിച്ചു; അവന്‍ അവളെയും അവള്‍ അവനെയും പ്രണയിച്ചു! 

തീവ്രതകളുടെ സൗഹൃദമായിരുന്നു എന്‍റെയും റഹിമിന്‍റെയും.  ചിരിച്ചു കൊണ്ടല്ലാതെ റഹിമിനെ ആരും കണ്ടിട്ടില്ലായിരുന്നു; ചിരിച്ചുകൊണ്ട് എന്നെയും! എല്ലാവരെയും ചിരിപ്പിക്കുന്നതില്‍ അവന്‍ കണ്ടെത്തിയ ആനന്ദം എനിക്ക് ഒരിക്കലും മനസിലാക്കാന്‍ കഴിഞ്ഞിരുന്നില്ല... എനിക്ക് ദേഷ്യമായിരുന്നു... എല്ലാത്തിനോടും... ജനിച്ച ഉടനെ എന്നെ ഉപേക്ഷിച്ച അമ്മ മുതല്‍ ലോകത്തുള്ള എല്ലാ സ്ത്രീകളോടും, ജനിപ്പിച്ച ഉടനെ കടമകളില്‍ നിന്ന് ഓടി രക്ഷപെട്ട അച്ഛനടക്കം എല്ലാ പുരുഷന്മാരോടും...ഈ ലോകത്തോടും എന്നോടും തന്നെ വെറുപ്പായിരുന്നു! 

 ആ അനാഥാലയത്തിന്‍റെ പടി കടന്ന് റഹിം വന്നത് അവിടുത്തെ ഓരോ അന്തേവാസികളുടെയും മനസിലേക്കായിരുന്നു. ഒരിക്കലും ചിരിക്കാത്ത എന്നെ നോക്കി അവന്‍ ചിരിച്ചു; തിരിച്ചൊരു പുഞ്ചിരി പോലും പ്രതീക്ഷിക്കാതെ. അവന്‍റെ വിരല്‍ത്തുമ്പുകള്‍ ക്യാന്‍വാസില്‍ മായാജാലം തീര്‍ക്കുന്നത് മീനയെക്കാളേറെ ആരാധനയോടെ ഞാന്‍ നോക്കി നിന്നിട്ടുണ്ട്... ആ വരകളിലൂടെയും പുഞ്ചിരികളിലൂടെയും അവന്‍ എന്‍റെ മുന്‍പിലേക്ക് നീട്ടി വെച്ചത് അതേവരെ മറ്റാരും നല്‍കാത്ത സമ്മാനമായിരുന്നു... പരിഗണന എന്നാ അഞ്ചക്ഷരത്തിന്‍റെ അര്‍ത്ഥം മനസിലാക്കിത്തന്നുകൊണ്ട്...! 

തിരിച്ചൊന്നും നല്‍കാന്‍ എനിക്ക് കഴിഞ്ഞില്ല! അവന്‍റെ ഔദാര്യമായിരുന്നു എന്‍റെ നേട്ടങ്ങള്‍... ചിത്രങ്ങള്‍ വില്‍ക്കുന്ന അവന്‍റെ കടയിലെ ജോലി പോലും!ആ കടയില്‍ ഒരു സഹായിയുടെ ആവശ്യം ഉണ്ടായിരുന്നില്ല, എനിക്ക് വേണ്ടി അവന്‍ ഉണ്ടാക്കി എടുത്ത ആവശ്യമായിരുന്നു അത്! അവന്‍റെ സ്നേഹമായിരുന്നു എന്‍റെ ഏറ്റവും വലിയ സമ്പത്ത് എന്ന തിരിച്ചറിവ് വരാന്‍ ഇത്രയും വൈകിയതെന്തേ?!

തിരിച്ചറിവുകളൊക്കെയും വരാന്‍ വൈകി. 

ആ മനുഷ്യന്‍ ആരായിരുന്നു? സ്ഥിരമായി കടയില്‍ വന്ന് ചിത്രങ്ങള്‍ നോക്കി "പുതിയതൊന്നുമില്ലേ റഹിം?" എന്ന് ചോദിച്ച്, ഇറങ്ങിപ്പോകുന്ന അയാളെ "അബൂക്ക" എന്നാണ് അവന്‍ വിളിച്ചിരുന്നത്. ഒരിക്കല്‍ പോലും അയാള്‍ ചിത്രങ്ങള്‍ വാങ്ങുന്നത് ഞാന്‍ കണ്ടിട്ടില്ല. റഹിം അയാളോടും മുഖം കറുപ്പിച്ചില്ല. "പുതിയതൊരെണ്ണം തയ്യാറാവുന്നുണ്ട് അബൂക്ക,"എന്ന് ചിരിച്ച് കൊണ്ട് പറയും. 
റഹിം കടയില്‍ ഇല്ലാത്തപ്പോള്‍ അയാളുടെ വരവ് എന്നില്‍ ആദ്യമെല്ലാം അസഹിഷ്ണുതയാണ് ജനിപ്പിച്ചത്. ഞാന്‍ റഹിമിനെപ്പോലെ 
അല്ല എന്നും, ചിരിച്ച് കൊണ്ട് നിന്നു തരാന്‍ പറ്റില്ലയെന്നും പറയാന്‍ പല തവണ തോന്നിയതാണ്. പറയാതെ തന്നെ അയാള്‍ അത് മനസിലാക്കി. എന്‍റെ സ്വഭാവവും, എന്നെത്തന്നെയും എന്നെക്കാളേറെ അയാള്‍ മനസിലാക്കി. റഹിം ഇല്ലാത്ത സമയം നോക്കി കടയിലേക്ക് വരാന്‍ തുടങ്ങിയത് ആ മനസിലാക്കലിന്‍റെ ഭാഗമായായിരുന്നോ? റഹിമിന്‍റെ നിഷ്കളങ്കമായ ചിരിയേക്കാള്‍ അബൂക്കയുടെ സിഗരറ്റ് കറ പുരണ്ട പല്ലുകളുടെ പച്ചച്ചിരി  എനിക്ക് പ്രിയങ്കരമായത് എന്ന് മുതലാണ്‌? അയാളുടെ പേര് അബു എന്ന് തന്നെ ആയിരുന്നോ? ആരായിരുന്നു അയാള്‍?

അന്നൊരു ബാഗ്‌ നിറയെ പണവുമായി കയറി വന്ന്‍ അയാള്‍ കീഴടക്കിയത് എന്നെത്തന്നെ ആയിരുന്നോ? അതോ എന്നിലൂടെ റഹിമിനെയോ??  അയാള്‍ പറഞ്ഞതൊക്കെയും കേട്ട് നിന്ന എന്നെ ഒരു ചോദ്യചിഹ്നമായി അവശേഷിപ്പിച്ചുകൊണ്ട് അയാള്‍ പടിയിറങ്ങി. ഞാനൊരു പാവയായി മാറുകയായിരുന്നു... എന്‍റെ അഭിപ്രായങ്ങളൊക്കെയും അയാളുടെതായിരുന്നു... എത്രനാള്‍ റഹിമിന്‍റെ നിഴലു പറ്റി ഇങ്ങനെ നില്‍ക്കുമെന്ന അയാളുടെ ചോദ്യത്തിനുത്തരം എന്‍റെ പക്കല്‍ ഉണ്ടായിരുന്നില്ല! ആ ചോദ്യം എന്‍റെ ഏറ്റവും ഭയാനാകമായ ദുഃസ്വപ്നമായി മാറുകയായിരുന്നു... പോകുന്ന വഴികളിലും, നോക്കുന്ന മൂലകളിലും എല്ലാം അതെന്നെ നോക്കി പല്ലിളിച്ചു! ഉത്തരമെവിടെ എന്നുറക്കെച്ചോദിച്ച് എന്‍റെ കാതടപ്പിച്ചു!!

തകരുന്ന കെട്ടിടങ്ങള്‍ എന്നെപ്പോലെ അയാള്‍ക്കും  ബലഹീനത ആയിരുന്നു. ആയുഷ്ക്കാലം മുഴുവന്‍ റഹിമിനൊപ്പം നിന്നാലും കിട്ടാത്തത്ര പണം മുന്‍പിലേക്ക് നീട്ടിക്കൊണ്ട് "എവിടെയെങ്കിലും പോയി രക്ഷപെട്," എന്നും പറഞ്ഞ് ദുഃസ്വപ്നമായ ആ ചോദ്യത്തെക്കാള്‍ ഭീകരമായൊരു ചിരി എനിക്ക് സമ്മാനികുമ്പോഴെങ്കിലും ഞാന്‍ തിരിച്ചറിയേണ്ടതായിരുന്നു! കടയുടെ ഒരു മൂലയിലായി ഒരു പെട്ടി വെച്ചിട്ട്  എന്‍റെ കയ്യില്‍ തന്ന റിമോട്ടിലാണ് എല്ലാം എന്ന് ഒരിക്കല്‍ക്കൂടി ഓര്‍മപ്പെടുത്തി അയാള്‍ പടിയിറങ്ങുമ്പോള്‍ ഒപ്പം എന്‍റെ പ്രതികരണശേഷി കൂടി കൊണ്ടുപോയതായി എനിക്ക് അനുഭവപ്പെട്ടു... "പറ്റില്ല" എന്ന് അപ്പോള്‍ പറയാന്‍ കഴിയാതിരുന്നത് എന്തുകൊണ്ടാണ്?!

അയാളുടെ ലക്‌ഷ്യം റഹിം ആയിരുന്നില്ല... ആ തെരുവിലെ എല്ലാവരും ആയിരുന്നു. റഹിം അതിലൊരാള്‍ മാത്രം. എന്നിലേക്ക് എത്തിച്ചേരാനുള്ള ഒരു എളുപ്പവഴി! ഇക്കണ്ട കാലമൊക്കെയും അയാള്‍ പരതി നടക്കുകയായിരുന്നിരിക്കണം... എന്നെപ്പോലോരാളെത്തേടി... തന്നെ നിയന്ത്രിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് അഹങ്കരിക്കുന്ന ഒരാളെത്തേടി... അത്യാവശ്യ സാഹചര്യത്തില്‍ പറ്റില്ല എന്ന് പറയാന്‍ മടിക്കുന്ന ഒരു മനസിനുടമയെത്തെടി... അയാള്‍ പരാജയപ്പെട്ടില്ല...
ആര്‍ക്കാണ് പരാജയം?? നഷ്ടം??

******

മീന ഇടയ്ക്ക് തിരിഞ്ഞു നോക്കുന്നുണ്ട്... കണ്ണുകള്‍ കലങ്ങിയിരിക്കുന്നു... നഷ്ടം?? പരാജയം??

******

ആരുടെയോ നഷ്ടത്തില്‍ പങ്കു ചേരാനെന്ന പോലെ  ആകാശം മൂടിക്കെട്ടി കിടക്കുകയായിരുന്നു... 

"എന്താടാ ഒരു കള്ളത്തരം?" എന്നും ചോദിച്ച് ചിരിച്ചു കൊണ്ട് കയറിവരുന്ന റഹിമിനെയാണ് അവസാനമായി കണ്ടത്. "ഒന്നൂല, അത്യാവശ്യമായി ഒരിടം വരെ പോകാനുണ്ടെ"ന്നു മുഖത്ത് നോക്കാതെ പറഞ്ഞ്, റിമോട്ട് അവന്‍ കാണാതെ പോക്കറ്റിലിട്ട് അബൂക്ക തന്ന പണം നിറഞ്ഞ ബാഗുമായി പുറത്തേക്കിറങ്ങുമ്പോള്‍ ആകെ ഒരു മങ്ങലായിരുന്നു... കണ്ണിലും, മനസിലും!!
"ബാഗുമൊക്കെയായി ഇവന്‍ നാട് വിട്ടു പോവണോ!!" എന്ന് തമാശ പറഞ്ഞ് ചിരിക്കുന്ന റഹിമിന്‍റെ ആ പൊട്ടിച്ചിരിയാണ് അവസാനമായി കേട്ടത്. അവന്‍ പറഞ്ഞ തമാശയില്‍ കാര്യമുണ്ടെന്നു അറിയാവുന്ന ഒരേ ഒരാള്‍ ഞാന്‍ മാത്രമായിരുന്നു... എങ്ങനെയെങ്കിലും ആ തെരുവില്‍ നിന്ന് പുറത്ത് കടന്നു എങ്ങോട്ടെങ്കിലും രക്ഷപെടണം എന്ന് മാത്രമായിരുന്നു ചിന്ത... എങ്ങോട്ടോ പോകാന്‍ തയ്യാറായി നില്‍ക്കുന്ന മീനയെ ബസ്‌ സ്റ്റോപ്പില്‍ വെച്ച് കണ്ടപ്പോള്‍, ഒന്നും ചോദിക്കരുതേ എന്നായിരുന്നു പ്രാര്‍ത്ഥന...

"എങ്ങോട്ടേയ്ക്കാ??" അവളുടെ നിഷ്കളങ്കതയില്‍ എന്‍റെ കളങ്കത ഇല്ലാതാവാന്‍ ഒരു നിമിഷം മതിയായിരുന്നു... 

"ഒരിടം വരെ.." മുഖത്തേക്ക് നോക്കാന്‍ ധൈര്യമില്ലായിരുന്നു... 

"അപ്പൊ കടേല്‍ ഇക്ക മാത്രമെയുള്ളോ?"  

"ഉവ്വ്..." ഉള്ളില്‍ എന്തിനോ വന്ന ഞെട്ടലിനെ ഒതുക്കി ഞാന്‍ പറഞ്ഞു.

മീനക്കുള്ള ബസ്‌ വന്നു. മനപ്പൂര്‍വമാണ് അതില്‍ കയറാതിരുന്നത്. കൂടുതല്‍ ചോദ്യങ്ങളെ നേരിടാന്‍ കഴിയുമായിരുന്നില്ല... പിന്നാലെ വന്ന ബസില്‍ ജനാലക്കരികിലുള്ള സീറ്റില്‍ ബാഗും നെഞ്ചോട് ചേര്‍ത്ത് ഇരുന്നു...ബസ്‌ മുന്‍പോട്ട് നീങ്ങി, അപകട മേഖല തരണം ചെയ്തു എന്ന് ബോധ്യം വന്നപ്പോള്‍ കൈ അറിയാതെ പോക്കറ്റില്‍ കിടന്ന റിമോട്ടിലേക്ക് നീങ്ങി...

കൈവിരലിന്‍റെ ഒരു അമര്‍ത്തലിനപ്പുറം ഉയര്‍ന്നു കേട്ട ശബ്ദവും, തേങ്ങലുകളും റഹിമിന്‍റെ പൊട്ടിച്ചിരികള്‍ പോലെ സുഖമുള്ളവ ആയിരുന്നില്ല; മീനയുടെ നിഷ്കളങ്കത പോലെ തെളിഞ്ഞവ ആയിരുന്നില്ല... ബാഗ്‌ ഒന്ന് കൂടി മുറുക്കി നെഞ്ചോട് ചേര്‍ത്ത് പിടിക്കുമ്പോള്‍ ആ തേങ്ങലുകള്‍ക്ക് മുകളിലുടെ ഒരു ചിരി ശബ്ദം കാത് തുളച്ചു കയറി... സഹിക്കാന്‍ കഴിയുന്നില്ല... കാതടിപ്പിക്കുന്ന ചിരി!! 
ചുറ്റുമുള്ളവരുടെ നോട്ടത്തില്‍ മുള്ളുള്ളതു പോലെ... എല്ലാവരും നോക്കുന്നത് എന്നെയാണെന്നൊരു തോന്നല്‍...  ഓരോ നോട്ടത്തിലും ഓരോ ചോദ്യങ്ങള്‍... എന്തിന്?? ആര്‍ക്കു വേണ്ടി?? എന്ത് നേടി??

എന്ത് നേടി??

കയ്യിലിരുന്ന ബാഗില്‍ ഒന്ന് കൂടി പിടി മുറുക്കി... അല്‍പ്പം കൂടെ ചേര്‍ത്ത് പിടിച്ചു... ദുര്‍ഗന്ധം...! ആ ബാഗില്‍ നിന്നാണ്.. ചോര മണക്കുന്നു... ഒരു ഞെട്ടലോടെ അകത്തി പിടിച്ചു... ചെറിയ അങ്കലാപ്പോടെ അത് മെല്ലെത്തുറന്നു... പണമുണ്ട്... പക്ഷെ... ഒരു നിറ വ്യത്യാസം... ചുവന്നിരിക്കുന്നു ഓരോ നോട്ടും...
ചോര?? റഹിമിന്‍റെ?? 

കാതടപ്പിക്കുന്ന ചിരി വീണ്ടും!! 

എന്‍റെ നേര്‍ക്ക് ചൂണ്ടിയ വിരലുകള്‍... 

മുള്ളുള്ള നോട്ടങ്ങള്‍... 

ഒരു ഭ്രാന്തനെപ്പോലെ അലറി വിളിക്കുകയായിരുന്നു ശേഷം...!! "ഞാനാ.... ഞാനാ..." എന്നുറക്കെ കരഞ്ഞു കൊണ്ട് ബാഗും വലിച്ചെറിഞ്ഞ് സീറ്റില്‍ നിന്നും ചാടി എഴുന്നേറ്റു... "ക്യാ ഹുവാ ഭായ് സാബ്?" എന്ന് ആശ്വാസച്ചോദ്യവുമായി അടുത്തേക്ക് വന്ന കണ്ടക്ടറെ തള്ളി നീക്കിക്കൊണ്ട് ഉറക്കെ നിലവിളിച്ചു... "എനിക്കിറങ്ങണം... ഉതര്‍നാ ഹേ മുഝ്കോ...!!" 

ബസ്‌ നിര്‍ത്തിയതും ചാടി ഇറങ്ങുകയായിരുന്നു. തിരിച്ച് ഓടുമ്പോള്‍ തുറന്ന ബാഗില്‍ നിന്നും ചോരമണമുള്ള നോട്ടുകള്‍ പിന്നിലേക്ക് പറന്നുകൊണ്ടിരുന്നു....കാലിയായ ബാഗും വലിച്ചെറിഞ്ഞ് കരഞ്ഞുകൊണ്ട് ഓടിക്കിതയ്ക്കുമ്പോഴും കാതടിപ്പിക്കുന്ന ചിരി... ഓരോ കിതപ്പിലും "റഹിം റഹിം" എന്നുറക്കെ കേള്‍ക്കുന്നത് പോലെ... കണ്മുന്‍പില്‍ ഒരു പുകമറയത്ത് കഴിഞ്ഞ കാലം... ചിരിച്ചുകൊണ്ട് എന്‍റെ നേര്‍ക്ക് ഇരു കൈകളും നീട്ടി റഹിം... "മാപ്പ്... മാപ്പ്....!!" കണ്ണുനീര് കൊണ്ട് മൂടി കാഴ്ചകള്‍ മങ്ങുന്നത് പോലെ...

ഓരോ മഴത്തുള്ളിയും മുഖത്തും ശരീരത്തിലും ആഞ്ഞടിച്ചു കൊണ്ടിരുന്നു... പ്രകൃതി നല്‍കുന്ന ശിക്ഷ എന്നാണു തോന്നിയത്... ദേഹത്തേക്ക് തുളച്ച് കയറുന്ന ഓരോ മഴത്തുള്ളിയിലും റഹിമിന്‍റെ പക ഉള്ളത് പോലെ... ഇല്ല... അവനൊരിക്കലും പക വീട്ടാന്‍ വരില്ല... അവനു ചിരിക്കാനും ചിരിപ്പിക്കാനും മാത്രമേ അറിയുള്ളു... ആരോടും ദേഷ്യപ്പെടാനറിയില്ല... അത്രയ്ക്ക് പാവമാണ്...

തെരുവിനോടടുക്കും തോറും ഹൃദയമിടിപ്പ്‌ കൂടിക്കൂടി വന്നു... ശങ്കരേട്ടന്‍റെ കടയുടെ സ്ഥാനത്ത് കുറച്ച് ചാരം മാത്രം ബാക്കി... സമീറയുടെ മകള്‍ കലങ്ങിയ കണ്ണുകളുമായി ഒരു ശരീരത്തിനരികില്‍ അനക്കമില്ലാതെ ഇരിക്കുന്നു... 
അലമുറകള്‍... നെഞ്ചത്തടികള്‍...  
എനിക്ക് ചുറ്റും ചിതറിക്കിടക്കുന്ന സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും ഇനി ഒരു തിരിച്ച് വരവില്ല എന്ന് ഞെട്ടലോടെ തിരിച്ചറിയുമ്പോള്‍ മനസിലൊരു പ്രാര്‍ത്ഥന; റഹിം എന്തെങ്കിലും അത്യാവശ്യവുമായി പുറത്ത് പോയിക്കാണണേ... പ്രത്യാശകള്‍ക്ക് വിരാമമിട്ടു കൊണ്ട് അകലത്തില്‍ പാറിപ്പറക്കുന്ന ആ നീല ദുപ്പട്ട എന്‍റെ കണ്ണില്‍പ്പെട്ടു... എനിക്കുള്ള ഓര്‍മപ്പെടുത്തല്‍!!

റഹിമിന്‍റെ ചേതനയറ്റ ശരീരത്തിനരികിലിരുന്ന്‍ ഒരു കുഞ്ഞിനെപ്പോലെ വാവിട്ട് കരയുകയായിരുന്നവള്‍... എന്നെക്കണ്ടതും എഴുന്നേറ്റോടി വന്ന് കെട്ടിപ്പിടിച്ചു... ഒന്നും പറയാന്‍ പറ്റുന്നില്ല; എനിക്കും അവള്‍ക്കും... ആ ശരീരത്തിനു നേരെ കൈ ചൂണ്ടിക്കൊണ്ട് അവള്‍ വിതുമ്പി... 
 "ഇക്ക... ഇ...ക്ക്...ക്ക....." വാക്കുകള്‍ മുറിയുന്നു... 

റഹിം ചിരിക്കുന്നുണ്ടോ എന്ന് മനസിലാക്കാന്‍ സാധിക്കുന്നില്ല... കത്തിക്കരിഞ്ഞ ഒരു ആള്‍രൂപം... ചിരിക്കുന്നുണ്ടാവും... ചിരിക്കാതിരിക്കാന്‍ അവനു കഴിയില്ലല്ലോ... അവന്‍റെ ഒരു വശത്തായി പകുതി കരിഞ്ഞൊരു ക്യാന്‍വാസ്... അതിനരികിലേക്ക് നടക്കുമ്പോള്‍ കാലിനൊരു വിറയല്‍ അനുഭവപ്പെട്ടു...

"ഇക്കയുടെ.... പുതിയ... ചിത്രമാ..." ഏങ്ങലടിച്ചുകൊണ്ട് മീന പറഞ്ഞ് ഒപ്പിച്ചു...

പാതി കരിഞ്ഞ ഒരു വൃദ്ധമുഖം ക്യാന്‍വാസില്‍ നിറഞ്ഞു നില്‍ക്കുന്നു... ആ മുഖത്തെ നരച്ച താടിയും, സിഗററ്റ് കറ പുരണ്ട പച്ചച്ചിരിയും എന്‍റെ മങ്ങിയ കാഴ്ച്ചയെ കൂടുതല്‍ നീറ്റലുള്ളതാക്കി! 

"പുതിയതൊരെണ്ണം തയ്യാറാവുന്നുണ്ട് അബൂക്ക" എന്ന വാചകവും, പിന്നാലെ ഒരു പൊട്ടിച്ചിരിയും കാതടപ്പിക്കുന്നു...!!

******
മീന ഇനി എന്‍റെ ഉത്തരവാദിത്തമാണ്... എനിക്കുള്ള ഓര്‍മ്മപ്പെടുത്തലാണ്.... റഹിമിനോട്‌ എനിക്ക് ചെയ്യാന്‍ പറ്റുന്ന ഒരേയൊരു പ്രായശ്ചിത്തം!!

മരണാനന്തര ചടങ്ങുകള്‍ക്കൊടുവില്‍ തിരിച്ച് നടക്കുമ്പോള്‍ ചെയ്ത പാപമെല്ലാം ഏറ്റു പറഞ്ഞ്  അവളുടെ കാലില്‍ വീണു... അധികം കണ്ണുനീര്‍ ആ കാലുകള്‍ കഴുകാന്‍ അനുവദിക്കാതെ അവള്‍ എന്നെ തോളില്‍ പിടിച്ചെഴുന്നേല്‍പ്പിച്ചു... ആ കണ്ണുകളില്‍ കണ്ട വികാരം എന്താണെന്ന് മനസിലായില്ല... പ്രതീക്ഷകളെ തെറ്റിച്ചു കൊണ്ട് അവള്‍ വീണ്ടുമെന്നെ കെട്ടിപ്പിടിച്ച് ഒരു കുഞ്ഞിനെപ്പോലെ കരയാന്‍ തുടങ്ങി. പിന്നെ എന്നെ തള്ളി മാറ്റിക്കൊണ്ട് മുന്‍പോട്ട് നടന്നു നീങ്ങി... അവളുടെ ചെയ്തികളുടെ അര്‍ഥം മനസിലാകാതെ പിന്നാലെ ഞാനും... 

പെയ്തൊഴിഞ്ഞ മഴ ചാമ്പലായവയെ ഒക്കെ കുതിര്‍ത്തിരിക്കുന്നു... ചില ഓര്‍മ്മകള്‍ പോലെ ഈ ചാരവും ഇനി മണ്ണോടലിയും... വേദനിപ്പിക്കുന്ന ഓര്‍മ്മപ്പെടുത്തലുകള്‍ മാത്രം അവശേഷിക്കും!




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കലൈഡോസ്കോപ്

ചിരാഗ് ഓര്‍മകള്‍: ഒരു ഓര്‍മയെഴുത്ത്

ഛായാസ്വപ്നം