കലൈഡോസ്കോപ്

സന്ധ്യ.

കടല്‍.

ചിന്തകള്‍.

കടല്‍ത്തീരത്ത് കാഴ്ചകള്‍ കാണാനും കടല കൊറിക്കാനും തിരയെണ്ണാനും വന്ന നിരവധിപ്പേരില്‍ ഒരാളായിരുന്നു അയാളും. കടല്‍ക്കാഴ്ചകള്‍ മടുത്ത് പലരും മടങ്ങിയിട്ടും ഒക്കെയും കണ്ടും കേട്ടും അടുത്ത് വരുന്ന കച്ചവടക്കാരെ തെല്ലും ശ്രദ്ധിക്കാതെയും അയാളും അയാളുടെ ആലോചനകളും അവിടെത്തന്നെ തുടര്‍ന്നു. സൂര്യനെ മുഴുവന്‍ വിഴുങ്ങിയിട്ടും വിശപ്പടങ്ങാത്ത പോലെ കടല്‍ അയാള്‍ക്കു മുന്‍പില്‍ ആര്‍ത്തുകൊണ്ടേയിരുന്നു. കടലിനോട് മത്സരിക്കാനെന്ന പോലെ കാര്‍മേഘങ്ങള്‍ പാതി പപ്പടം തിന്നത് മതിയാവാതെ നക്ഷത്രക്കുഞ്ഞുങ്ങളെ ഓരോന്നിനെയായി വിഴുങ്ങുന്നു... വിശപ്പ്!

ഈ ഭൂമിയിലും തന്റെ ജീവിതത്തിലും അതിലും വലുതായ പ്രശ്നങ്ങള്‍  ഒരുപാടുണ്ടെന്ന അയാളുടെ തിരിച്ചറിവിനെ ഊട്ടിയുറപ്പിക്കാനെന്നവണ്ണം മുഷിഞ്ഞ കുപ്പായത്തിനുള്ളില്‍ നിന്നും ഒരു വിറയല്‍.

ഫോണ്‍. ഭാര്യ.

കഴിഞ്ഞ നാലഞ്ചു മണിക്കൂറുകള്‍ക്കിടയില്‍  എത്രാമത്തെ തവണയാണ് വിളിക്കുന്നത് എന്ന് ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല. എടുത്താല്‍ അത്രയും തവണത്തെ സംഭാഷണങ്ങള്‍ ആവര്‍ത്തിക്കും എന്നറിയാം. ഓരോ തവണ എടുക്കുന്നതും അറിഞ്ഞുകൊണ്ട് തന്നെയാണ്. എടുത്തില്ലെങ്കില്‍ അവള്‍ ഭയക്കും. പിന്നെ പല നമ്പറുകളില്‍ നിന്ന് മാറി മാറി വിളി വരും.

'ഉം?'

'എന്തായി? നിങ്ങളുടെ മകള്‍ എന്റെ തല തിന്നുന്നു.'

'ഉം.'

'നാളെത്തന്നെ പണം അടച്ചില്ലെങ്കില്‍ ഉറപ്പായും പുറത്താക്കുമെന്ന്.'

'ഉം.'

'വന്നിട്ടല്ലേ കഴിക്കു?'

'ഉം.'

ഫോണ്‍  നിശബ്ദമാക്കി പോക്കറ്റില്‍ ഇടുമ്പോള്‍ അവശേഷിക്കുന്ന അന്‍പതു  രൂപാ നോട്ടില്‍ കയ്യുടക്കി. കഴിഞ്ഞ ഒരാഴ്ചക്കാലത്തെ വിയര്‍പ്പു തുള്ളികളുടെയും ഇന്ന് വരെയുള്ള പണിയില്ലായ്മയുടെയും തിരുശേഷിപ്പ്!

ഇതെന്താവാനാണ്! ഇതുകൊണ്ട് ഒന്നുമാകില്ല... ഒന്നും!!

മാനം കാണാതെ പോക്കറ്റില്‍ കിടന്ന് ഈ നോട്ട്  പെറ്റു പെരുകിയിരുന്നെങ്കില്‍... വീട്ടിലെത്തി ഷര്‍ട്ടൂരി നനയ്ക്കാനിടുമ്പോള്‍ പോക്കറ്റില്‍ തപ്പുന്ന ഭാര്യയുടെ കയ്യില്‍ പഴകിയ ടിക്കറ്റുകള്‍ക്കൊപ്പം ആ അമ്മയെയും മക്കളെയും ഒന്നിച്ച്  കിട്ടിയാല്‍...വര്‍ഷങ്ങള്‍ക്കു  മുന്‍പ് കഴുത്തില്‍ താലി വീണപ്പോള്‍ അവളുടെ കണ്ണുകളില്‍  കണ്ട തെളിച്ചം ചിലപ്പോ അങ്ങനെ തിരിച്ചു വരും...

തന്റെ മൂഢചിന്തകളെ കരുതി അയാള്‍ക്ക് തന്നെ ചിരി വന്നു.

മകളെ സര്‍ക്കാര്‍ സ്‌കൂളില്‍ അയക്കാമെന്ന് ഭാര്യ പറഞ്ഞതാണ്.  ഉച്ചക്കഞ്ഞിയടക്കം എല്ലാം അവള്‍ക്ക് അവിടെ നിന്ന് കിട്ടുമല്ലോ എന്ന്. ദൈവം സഹായിച്ച് കഞ്ഞി വെക്കാനുള്ള വക ഉണ്ടല്ലോ എന്നും അതിനായി മകളെ  സര്‍ക്കാര്‍ സ്‌കൂളില്‍ വിടേണ്ട കാര്യമില്ലെന്നും തന്റെ വാശിയായിരുന്നു. അവള്‍ പഠിക്കാന്‍ ബഹുമിടുക്കിയാണ്. അദ്ധ്യാപകര്‍ക്കെല്ലാം മികച്ച അഭിപ്രായം. പക്ഷെ ഫീസടക്കാന്‍ സമയമാകുമ്പോള്‍ അവരുടെയൊക്കെ മട്ടു മാറും. കുട്ടിയുടെ മിടുക്ക് കൊണ്ട് തങ്ങളുടെ ശമ്പളം തികയില്ലല്ലോ എന്നാവും ന്യായം. എല്ലാവര്‍ക്കും ഉണ്ടല്ലോ ആവശ്യങ്ങള്‍.

ആവശ്യങ്ങള്‍.

അത്യാവശ്യങ്ങള്‍.

മരിച്ച സൂര്യന്റെ ഓര്‍മകള്‍ ബാക്കിവെച്ച മങ്ങിയ വെളിച്ചത്തില്‍ കടല്‍ക്കാഴ്ചക്കാര്‍ ഓരോരുത്തരായി വിട വാങ്ങിത്തുടങ്ങി. അകലത്ത് നിന്ന് വിസില്‍ ശബ്ദം. പിരിഞ്ഞു പോകണമെന്ന മുന്നറിയിപ്പ് കാഹളം. അടുത്ത് വരട്ടെ. അല്‍പനേരം കൂടി ഇരിക്കാം.

ഒഴുക്കിനെതിരെ നീന്തുന്നത് പോലെ രണ്ട് രൂപങ്ങള്‍ തന്റെ അരികിലേക്ക് വരുന്നത് അയാള്‍ ശ്രദ്ധിച്ചു. നടപ്പാതയുടെ ഓരത്തെ നിയോണ്‍ വെളിച്ചത്തിന്റെ ഔദാര്യത്തില്‍ വലിയവളുടെ പാറിപ്പറന്ന മുടി വ്യക്തമാണ്. ആള്‍ക്കൂട്ടത്തില്‍ പെട്ടു പോകാതെ ചെറിയവന്റെ കയ്യില്‍ അവള്‍ മുറുക്കിപ്പിടിച്ചിരിക്കുന്നു; താന്‍ ആ അന്‍പതു രൂപാ നോട്ടില്‍ പിടിച്ചതു പോലെ...

'സാര്‍ ..... ഒരെണ്ണം മുപ്പതു രൂപാ  സാര്‍...'

ദൂരെ നിന്നേ അവള്‍ വിളിച്ച് പറഞ്ഞു. കാഴ്ചയിലെ നിഷ്കളങ്കതയ്ക്കു ചേരാത്തൊരു നിശ്ചയദാർഢ്യം അവളുടെ ശബ്ദത്തിൽ ഉള്ളതുപോലെ. ഏകദേശം പതിനഞ്ച് വർഷങ്ങളുടെ ജീവിതാനുഭവങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞു വന്നതാവാം ...

ചെറിയവന്‍  മുഖത്ത് ദയനീയ ഭാവം ഒന്നുംകൂടി ഉറപ്പിച്ചു. ഒട്ടിയ വയറിൽ നിന്നൂരി പോകുന്ന നിക്കർ വലിച്ചു കയറ്റിക്കാണിച്ച് അവൻ എന്തോ സ്ഥാപിക്കാൻ ശ്രമിക്കുകയാണ്.

'മുപ്പത് രൂപാ മാത്രം സാര്‍...'

'എന്താണിത്?'

'കലൈഡോസ്‌കോപ് സാര്‍... ഉള്ളെ  പാരുങ്കോ...'

കയ്യിലിരുന്ന കുഴലുകളില്‍ ഒരെണ്ണം നീട്ടിക്കൊണ്ട് അവള്‍ പറഞ്ഞു.

'എന്താണെങ്കിലും എനിക്ക് ആവശ്യമില്ല.'

'കൊഞ്ചം പാരുങ്കോ സാര്‍...'

ഒരെണ്ണം എടുത്ത് അയാൾ കണ്ണിനോടു ചേര്‍ത്തു . വളമുറികളുടെയും സീക്വന്‍സുകളുടെയും മായക്കാഴ്ച. ഭംഗിയുണ്ട്.

'ആവശ്യമില്ല.'

'ഒരെണ്ണം വാങ്ങി കൊളന്തൈകളുക്കു കൊടുങ്ക സാര്‍. നല്ലതാണ്.'

'അനാവശ്യമാണ്. എന്തിനാണ് വെറുതെ...'

'രണ്ടെണ്ണം അന്‍പതു  രൂപക്ക് കൊടുക്കിറേന്‍ സാര്‍.'

'ഒന്ന് പോലും അനാവശ്യമെന്നു പറയുന്ന എന്നോട് രണ്ടെണ്ണം വാങ്ങാനോ?'

'സാര്‍...'

'ശരി, ഇരുപതു രൂപക്ക് ഒരെണ്ണം തരൂ.'

'സാര്‍ രണ്ടെണ്ണം അന്‍പതിനു എടുത്തുക്കോങ്ക.'

'നിങ്ങളുടെ പക്കല്‍ മൂന്നെണ്ണമല്ലേ ആകെ ഉള്ളു?'

'ആമാ സാര്‍.. മൂന്നെണ്ണം അന്‍പത്... ഓക്കേവാ?'

'എന്ത്?!' പിച്ചപ്പിള്ളാരുടെ മണ്ടത്തരം കേട്ട് വന്ന ചിരിയൊതുക്കി അയാൾ പറഞ്ഞു , 'ഇതാ... ഒരെണ്ണത്തിന്റെ  വിലയെടുത്തിട്ട് ബാക്കി തരു...'

പോക്കറ്റിലുള്ള മച്ചിയായ അന്‍പത് രൂപ പാറിപ്പറന്ന മുടിയുള്ളവളുടെ നിഷ്‌കളങ്കമായ ചിരിയില്‍ മയങ്ങി.

'സാര്‍....'

അവള്‍ ആ നോട്ട് വാങ്ങി.

'ബാക്കി തരാന്‍ കാശില്ലയെ...'

'മൂന്നെണ്ണമൊഴികെ ബാക്കിയൊക്കെ വിറ്റതിന്റെ  പൈസ എവിടെ?'

'ഇത് ഞങ്കള്‍ ഉണ്ടാക്കിയത് സാര്‍. മൊത്തം മൂന്ന് താന്‍ ഉള്ളത്. സാര്‍.. മൂന്നും  എടുത്തുക്കോങ്ക... അന്‍പത്..'

ചിറി പിളര്‍ത്തി പറഞ്ഞത് ചെറിയവനാണ്.

മൂന്നു കലൈഡോസ്‌കോപ്പുകള്‍ അയാളുടെ കയ്യില്‍ വെച്ചുകൊടുത്തിട്ട് അവർ തിരിഞ്ഞു നടന്നു; നടത്തം ഓട്ടമായി. അപ്പോഴും വലിയവൾ ചെറിയവന്റെ കയ്യിലെ പിടുത്തം വിട്ടില്ല ... ഊരിപ്പോകുന്ന നിക്കറിൽ ഒറ്റക്കൈകൊണ്ട് അവനും പിടുത്തം മുറുക്കിയിരുന്നു...

കടലിനു നേരെയാണോ എതിരെയാണോ ഓടുന്നത് എന്ന് വ്യക്തമാകാത്ത പോലെ ആ നിഴല്‍രൂപങ്ങള്‍ നിഴലായി... പിന്നെ ഇല്ലാതായി...

'ഒരു പൊതിക്ക് അന്‍പത് രൂപയാണ് സാര്‍. അത് വാങ്ങാനുള്ള ഓട്ടമാണ്.' ഒക്കെയും കണ്ട്  നിന്ന്  നിശബ്ദനായി വിസിലടിക്കാന്‍ മറന്ന സെക്യൂരിറ്റി പറഞ്ഞു. 'ഇന്നലെ മൂന്നു ശംഖുമാലകള്‍ വാങ്ങിയത് ഞാനാണ്. വിശപ്പടക്കാന്‍ വേണ്ടി കക്കാതെ വളരട്ടെ എന്നോര്‍ത്ത്!'

പോക്കറ്റില്‍ നിശബ്ദമായി കിടന്ന മൊബൈലില്‍ മിന്നാമിന്നി വെളിച്ചം.

'എപ്പോ എത്തും? അവള്‍ കഴിക്കാതെ നോക്കിയിരിക്കുന്നു.'

'ഉം.'

പടർന്നു തുടങ്ങിയ തമിഴ് അക്ഷരങ്ങൾ നിറഞ്ഞ നോട്ടു പുസ്തകത്താളുകളാൽ പൊതിഞ്ഞ മൂന്ന് കലൈഡോസ്കോപ്പുകൾ തിരക്കാഴ്ചകൾ ആവോളം ആസ്വദിച്ച് അയാളുടെ കെെപ്പിടിയ്ക്കുള്ളിൽ അമർന്നു...

....

അഭിപ്രായങ്ങള്‍

  1. മറുപടികൾ
    1. ചെറുപ്പത്തിൽ ഉണ്ടായ ഒരു അനുഭവത്തിൽ നിന്നുരുത്തിരിഞ്ഞ ഭാവന.

      ഇല്ലാതാക്കൂ
    2. അപ്പോ ഭാവനയും അനുഭവം കൂടി കൂട്ടി കലർത്തിയ oru മിശ്രിതമാണല്ലേ.

      ഇല്ലാതാക്കൂ
  2. Vishapp!
    Orupaadishtappettu ee kadha. Ithupole nalla nalla kadhakal ezhuthanum orupaadu uyaratthil etthaanum vendi prarthikkunnu.

    മറുപടിഇല്ലാതാക്കൂ
  3. കടലിനോട് മത്സരിക്കാനെന്ന പോലെ കാര്‍മേഘങ്ങള്‍ പാതി പപ്പടം തിന്നത് മതിയാവാതെ നക്ഷത്രക്കുഞ്ഞുങ്ങളെ ഓരോന്നിനെയായി വിഴുങ്ങുന്നു... വിശപ്പ്!❤❤❤❤❤
    Appukunje❤❤❤

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഓര്‍മ്മ

വിചിത്ര മനുഷ്യന്‍