ഛായാസ്വപ്നം

          “Sublime” എന്ന അവസ്ഥയിലേക്ക് മനുഷ്യന്‍ എത്തിച്ചേരുന്ന അവസ്ഥകള്‍ വിരളമാണ്; പലപ്പോഴും പല അവസ്ഥകളെയും “sublimity” ആയി നാം തെറ്റിദ്ധരിക്കാറുണ്ടെന്നു മാത്രം... സ്വപ്‌നങ്ങള്‍ sublimity-ലേക്ക് എത്തിക്കാറുള്ളത് എന്നെ മാത്രമാണോ എന്നറിയില്ല. പക്ഷെ, പലപ്പോഴും പല സ്വപ്നങ്ങളില്‍ നിന്നും ഉണരുന്നത് ആ ഉത്തുംഗ സംതൃപ്തിയോടെയാണ്. ജീവിതത്തില്‍ നടക്കാത്തതും, നടക്കണമെന്ന് അത്യന്തം ആഗ്രഹിക്കുന്നതുമായ കാര്യങ്ങളാണ് സ്വപ്നങ്ങളായി കാണുന്നതെന്ന് കേട്ടിട്ടുണ്ട്. ചില കാര്യങ്ങളൊക്കെ ജീവിതത്തില്‍ നമ്മള്‍ വലിയ പ്രാധാന്യം കല്‍പ്പിക്കാതെ നീക്കി വെക്കുമ്പോഴും നമ്മുടെ ഉപബോധ മനസ്സ് അവയെ ആഗ്രഹിക്കുമത്രേ... ഫ്രോയിഡോ ലക്കാനോ ഒക്കെ പറഞ്ഞ് വെച്ചത് പോലെ നിത്യജീവിതത്തിലെ “repressed emotions/desires” ഒക്കെ പല പല “symbols” ആയി സ്വപ്നങ്ങളിലൂടെ വെളിവാക്കപ്പെടും...

ഒരു യാത്രയായിരുന്നു...

കണ്ട കാഴ്ച്ചകളെ വര്‍ണ്ണിക്കാന്‍ പുതിയ വാക്കുകള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു; ആ അനുഭൂതി പ്രകടമാക്കാന്‍ ഭാഷ ഇനിയും വളരേണ്ടിയിരിക്കുന്നു... അപരിചിതത്വത്തിനും ഭംഗിയുണ്ടെന്നു തെളിയിക്കുന്ന ഏതോ ഒരു സ്ഥലം -- “strange and beautiful!” സൂര്യോദയം മുന്‍പ് പല തവണ കണ്ടിട്ടുണ്ടെങ്കിലും പ്രകൃതി ഒരു അത്ഭുതമായി തോന്നിയത് ഇതാദ്യമാണ്! വിദൂരതയില്‍ മഞ്ഞില്‍ വിരിഞ്ഞു വരുന്ന ചുവന്ന പൂവ് പോലെ സൂര്യന്‍... നിറങ്ങള്‍ വെറുതെയങ്ങ് വാരിപ്പൂശിയിരിക്കുകയാണ്! മഞ്ഞും പച്ചപ്പും ചുവപ്പും മഞ്ഞയും പാറകളും... ഒരു വലിയ പാറപ്പുറം (ചുട്ടിപ്പാറ എന്ന് എവിടെയോ “echo” കേട്ടത് പോലെ...), തമിഴ്നാടിനെ അനുസ്മരിപ്പിക്കും വിധം കൊത്തുപണികളുള്ള ചെറിയ നന്ദികേശ പ്രതിമകള്‍, നടുക്ക് ഒരു അമ്പലം... ഇതിനുമപ്പുറത്തായാണ് സൂര്യന്‍ “വിരിഞ്ഞു” വരുന്നത്... ഭംഗി എന്നൊന്നുമല്ല ഇതിനു പറയേണ്ടത്!! പിന്നെയോ??? ഭാഷ വളരട്ടെ!!

ഒരു കുന്നോളം പൊക്കമുള്ള കെട്ടിടം, അതിന്‍റെ ബാല്‍ക്കണിയില്‍ നിന്നാണ് കാഴ്ചകളൊക്കെ കാണുന്നത്!! (ഇനിയും പ്രകൃതിയിലേക്ക് ഇറങ്ങാന്‍ മടിക്കുന്ന മനുഷ്യ മനസ്സിന്‍റെ “symbol??!”) !!!

ഒന്നും മിണ്ടാതെ കുറച്ച് നേരം കണ്ണുകളെ വെറുതെ അങ്ങ് അലയാന്‍ വിട്ടു... ആകെയൊരു കുളിര്‍മയാണ്, കണ്ണുകള്‍ക്കും മനസ്സിനും... മനുഷ്യന് എത്തിപ്പിടിക്കാന്‍ പറ്റാത്ത ദൂരങ്ങളോളം ചന്തമുള്ളതായി മറ്റൊന്നുമില്ലെന്ന തിരിച്ചറിവിന്‍റെ നിമിഷങ്ങള്‍... നിറങ്ങള്‍ ചാലിക്കാന്‍, മുകളിലിരിക്കുന്നവനെക്കാള്‍ വിദഗ്ദ്ധനായി മറ്റാരുമില്ല എന്ന ബോധത്തെ ഊട്ടിയുറപ്പിച്ച്, ആ “sublime” നിമിഷങ്ങള്‍ക്ക് ശേഷം പതുക്കെ, ഒപ്പമുള്ള ആളിനോട് സംസാരിക്കാന്‍ തുടങ്ങി... എഴുത്തിനെപ്പറ്റി, വായനയെപ്പറ്റി, സാഹിത്യത്തെപ്പറ്റി, സിനിമയെപറ്റി, സ്വപ്നങ്ങളെപ്പറ്റി, ഓര്‍മകളെപ്പറ്റി...

തിരിച്ചുള്ള യാത്ര നടന്നായിരുന്നു...

അതിമനോഹരമായ ഏതോ BGM...

ചില വികാരങ്ങള്‍ അനുഭവിച്ചു തന്നെ അറിയണം... പറഞ്ഞറിയിക്കാന്‍ എത്ര ശ്രമിച്ചാലും അത് ഫലവത്താകില്ല... അല്ലെങ്കില്‍ പിന്നെ, ഭാഷ വളരട്ടെ!!

യാഥാര്‍ഥ്യത്തോട് ഒട്ടും പൊരുത്തപ്പെടാത്ത രീതിയില്‍, മാനംമുട്ടുന്ന ഏതോ ഒരു അപാര്‍ട്മെന്റിന്‍റെ മൂലയിലുള്ള ഒരു കിളിക്കൂട്ടിലാണ് ഞാനും താമസം... കാഴ്ച്ചകള്‍ കാട്ടിത്തന്ന സുഹൃത്ത് യാത്ര പറഞ്ഞപ്പോള്‍ “key” എന്ന് ഞാന്‍ ഓര്‍മിപ്പിച്ചു... താഴത്തെ പടിക്കെട്ടില്‍ നിന്നും മുകളിലേക്ക് അയാള്‍ ഒരു താക്കോല്‍ എറിഞ്ഞു തരുന്നു... (“key to my happiness??!”)

വാതില്‍ത്തുറന്ന് ഉള്ളിലേക്ക് കടക്കുമ്പോള്‍, സ്വീകരിച്ചത് ചോദ്യശരങ്ങളായിരുന്നു... ഓരോ ശരത്തെയും തട്ടിമാറ്റി മുന്‍പോട്ടു നീങ്ങുമ്പോളാണ് സ്വന്തം കാലുകളിലേക്കൊന്നു കണ്ണു പായിക്കുന്നത്... കാലുകളില്‍ കിടക്കുന്നത് സുഹൃത്തിന്‍റെ കറുത്ത ചപ്പലുകള്‍! എന്‍റെ കാലുകള്‍ക്കവ വളരെ വലുതാണ്‌... അവ എങ്ങനെ ഇവിടെ എത്തി?

മറക്കും മുന്‍പേ പിന്നാലെ ചെന്ന് തിരിച്ചേല്‍പ്പിക്കാം എന്നുറപ്പിച്ച് വാതില്‍ തുറക്കുമ്പോള്‍, ഒരു പുഞ്ചിരിയുമായി അയാള്‍ മുന്‍പില്‍! “ചെരുപ്പ്” എന്ന് രണ്ടുപേരും ഒന്നിച്ച് പറഞ്ഞ് ചിരിച്ചു... ചപ്പലുകള്‍ “കാല്‍”മാറുമ്പോള്‍, “മിണ്ടരുതേ” എന്ന് ഞാന്‍ അയാളോട് ആംഗ്യഭാഷയില്‍! എന്തിനാണ് കള്ളത്തരം? സത്യത്തെ സ്വീകരിക്കാന്‍ വാതിലിനപ്പുറമുള്ള സമൂഹം ഇനിയും വളര്‍ന്നിട്ടില്ലാത്തതു കൊണ്ടാവാം! 

ചോദ്യശരങ്ങള്‍ക്കുള്ളിലേക്ക് വീണ്ടും പ്രവേശിച്ച്, അവയെയൊക്കെ വക വെയ്ക്കാതെ, നേരെ നടന്നുപോയി സന്തോഷവും സംതൃപ്തിയും നിറഞ്ഞ ഒരു ദീര്‍ഘനിശ്വാസത്തോടെ കട്ടിലില്‍ വീണ്‌ കണ്ണുകളടച്ചു...

ഇരുട്ട്...

ഒരു പുഞ്ചിരിയോടെ കണ്ണുകള്‍ മെല്ലെത്തുറന്നു...

സ്വപ്നം!


അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഓര്‍മ്മ

കലൈഡോസ്കോപ്

വിചിത്ര മനുഷ്യന്‍