ചിരാഗ് ഓര്‍മകള്‍: ഒരു ഓര്‍മയെഴുത്ത്


മനസുകൊണ്ട് മാത്രം എടുക്കുന്ന ചില “സെല്‍ഫി”കളുണ്ട്... ഓര്‍മയെഴുതുമ്പോള്‍ മനസിലേക്കോടി വരുന്ന ചില മുഖങ്ങള്‍...

ഡിസംബര്‍ 20 ബാക്കി വെച്ച യാത്രാക്ഷീണവും മനസു നിറഞ്ഞ ഓര്‍മകളുടെ “ഹാങ്ങോവറു”മായിട്ടാണ് 21 തുടങ്ങിയത്... ഒറ്റയ്ക്ക് മൂന്ന്‍ മണിക്കൂര്‍ യാത്ര ചെയ്യണമല്ലോ എന്ന മടുത്ത ചിന്തയെ, ചെന്നൈയിലായിരുന്നപ്പോള്‍ പതിന്നാലു മണിക്കൂറൊക്കെ ഒറ്റയ്ക്ക് യാത്ര ചെയ്തിട്ടില്ലേ, പിന്നെന്താ? എന്ന മറുചോദ്യം കൊണ്ട് മനസ്സ് തന്നെ അടക്കി. മരംകോച്ചുന്ന മഞ്ഞത്ത് പേരിനൊരു കുളിയൊക്കെ കഴിച്ച് തയ്യാറായി, 6:30നു പത്തനംതിട്ടയില്‍ നിന്നു തിരിക്കുന്ന ബസ്‌ പിടിക്കാനിറങ്ങി... ആറര, ആറേമുക്കാല്‍, ഏഴ് എന്നിങ്ങനെ സമയം ഓടിക്കൊണ്ടേ ഇരുന്നു... ബസ്‌ മാത്രം വന്നില്ല!!

“ബസ്‌ ഉണ്ടല്ലോ... പുറപ്പെട്ടല്ലോ, വേണമെങ്കില്‍ അര മണിക്കൂര്‍ മുന്നേ പുറപ്പെടാം,” എന്ന മട്ടിലുള്ള കെ.എസ്‌.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നുള്ള മടുപ്പിക്കുന്ന മറുപടികളും, തണുപ്പത്തുള്ള നില്‍പ്പും, ബസ്‌ വന്നോ എന്ന ചോദ്യവുമായി ഇടയ്ക്കിടെ വരുന്ന അമ്മവിളികളും... ഒടുവില്‍ പ്രതീക്ഷയുടെ ചുവപ്പ് നിറമായി പാലായില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള ബസ്‌... പ്രതീക്ഷയെ അങ്ങനെ തന്നെ ചവുട്ടി മെതിച്ച്കൊണ്ട് ബസിനുള്ളില്‍ തൂങ്ങി നില്‍ക്കുന്ന, എനിക്കും മുന്നേ കേറിയ യാത്രക്കാര്‍!

“വ്യാഴാഴ്ച്ചയല്ലേ... തിരക്ക് കാണില്ല...” പരിചയസമ്പന്നതയും ജീവിതാനുഭവങ്ങളും എന്നെക്കാള്‍ കൂടുതലുള്ള അമ്മയുടെയും അമ്മുമ്മയുടെയും വാക്കുകള്‍ എന്നെ ഇളിച്ച് കാണിക്കുന്നു! “വ്യാഴാഴ്ച്ചയായതുകൊണ്ട് ബസില്‍ ഓടിക്കളിക്കാനുള്ള സ്ഥലമുണ്ട് കേട്ടോ” എന്ന് അമ്മയെ വിളിച്ച് പറഞ്ഞ്, കൂടുതലൊന്നും കേള്‍ക്കാനും പറയാനും നില്‍ക്കാതെ ഫോണ്‍ കട്ട്‌ ചെയ്തു.

തിരുവനന്തപുരത്തേയ്ക്ക് ഇത്രയും ദൂരമോ എന്ന് തോന്നിപ്പോയ നിമിഷങ്ങള്‍... പാളയം ആവാറായപ്പോള്‍ സഹോയുടെ ആദ്യത്തെ വിളി, “എവിടെയെത്തി സഹോ??” കണക്കുകൂട്ടലുകള്‍ വെച്ച് 10 മണിക്ക് അവിടെ എത്തേണ്ടതാണ്, അപ്പോള്‍ സമയം 10:39! ഓട്ടോ പിടിച്ചങ്ങ് വന്നേക്കാം എന്ന എന്‍റെ വാക്ക് വിശ്വസിച്ച് സഹോ ഫോണ്‍ വെച്ചു.

പാളയത്തിറങ്ങി, കടന്നു വരുന്ന ഓരോ ഓട്ടോച്ചേട്ടന്മാരോടും “ചിരാഗ് ഇന്‍... സ്റ്റാച്യു... സെക്രട്ടറിയേറ്റ്...” എന്ന് പറഞ്ഞു മടുത്തു. സ്റ്റാച്യുവും സെക്രട്ടറിയേറ്റും അറിയാമെങ്കിലും ചിരാഗ് അറിയില്ല എന്ന പേരും പറഞ്ഞ് “രാവിലെ മെനക്കേടുണ്ടാക്കാന്‍ വന്നേക്കുവാണല്ലേ” എന്ന മട്ടില്‍ എന്നെയൊന്ന് നോക്കി നാലോ അഞ്ചോ ചേട്ടന്മാര്‍ അടുത്ത ഓട്ടം നോക്കിപ്പോയി... എന്‍റെ അവസ്ഥ കണ്ട കഷ്ടം തോന്നിയിട്ടാവണം, നല്ലവനായ ഒരു ഓട്ടോച്ചേട്ടന്‍ ധീരതയോടെ എന്നെ ഏറ്റെടുത്തു! “സ്റ്റാച്യു അറിയാം, ബാക്കി നമുക്ക് കണ്ടുപിടിക്കാം,” എന്നു വാക്കും തന്ന്‍ ആ നല്ലവനായ ചേട്ടന്‍ എന്നെ മനോഹരമായ നാലും കൂടിയ ഒരു മുക്കില്‍ കൊണ്ടിറക്കി വിട്ടിട്ട്, “ഇവിടെ അടുത്ത് എവിടെയെങ്കിലും ആയിരിക്കും” എന്ന ആശ്വാസവാക്കും പറഞ്ഞ് ഞാന്‍ കൊടുത്ത 30 രൂപയും വാങ്ങി യാത്ര പറഞ്ഞു...

ജന്മനാ ശത്രുക്കളായ ഞാനും ദിശകളും... നാലും കൂടിയ ആ മുക്കില്‍ എങ്ങോട്ട് പോകണമെന്നറിയാതെ ഒരു നിമിഷം പകച്ചുനിന്നു. ഇനി സഹോ തന്നെ ശരണം... വിളിച്ചു... പുളിമൂട് ജങ്ഷനിലാണ് ഞാന്‍ ഉള്ളതെന്ന് പറഞ്ഞപ്പോ സഹോയുടെ ഞെട്ടല്‍ ഫോണിലൂടെ വ്യക്തമായിരുന്നു! അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശമനുസരിച്ച് വന്ന വഴിയെ പിന്നോട്ട് നടന്ന്‍ ഒടുക്കം ലക്ഷ്യസ്ഥാനം കണ്ടെത്തി!

ചിരാഗിന്‍റെ മുന്‍പില്‍ എന്നെയും കാത്ത് സഹോ നില്‍പ്പുണ്ട്. നീണ്ട 7 വര്‍ഷത്തിനു ശേഷമാണ് അവനെ നേരില്‍ക്കാണുന്നത്. ഇത് വായിക്കുമ്പോള്‍ ഞാനും അവനും തമ്മില്‍ ദൃഡമായ ഒരു ബന്ധം ഇക്കഴിഞ്ഞ 7 വര്‍ഷമായി കാത്തു സൂക്ഷിക്കുന്നു എന്നൊന്നും കരുതരുത്... മൂന്ന് വര്‍ഷം ഒരു സ്കൂളില്‍ പഠിച്ചു എന്നതിനപ്പുറത്തേയ്ക്ക്, ഒരു ചിരി പങ്കു വെച്ച പരിചയം പോലും ഒരു വര്‍ഷം മുന്‍പ് വരെ ഞങ്ങള്‍ തമ്മിലില്ല!! ഫേയ്സ്ബുക്കില്‍ ഇടയ്ക്കിടെയുള്ള നമസ്തേകളിലൂടെയും സഹോ വിളികളിലൂടെയും നിലനിന്ന ഒരു സൗഹൃദമാണ്. ഫോണ്‍ നമ്പറുകള്‍ കൈമാറിയത് തന്നെ ഈ വരവ് ലക്ഷ്യമിട്ടാണ്. എന്തായാലും ചിരാഗിന്‍റെ മുന്‍പില്‍ ഒരു സല്യൂട്ടില്‍ നിന്ന് തുടങ്ങി അന്നേ ദിവസം അവസാനിച്ചപ്പോഴേയ്ക്കും ഒരു സുഹൃദ്ബന്ധം ഉടലെടുക്കുന്നത് ഞാന്‍ തിരിച്ചറിഞ്ഞു...

ദുരിത യാത്രയുടെ പല അവസ്ഥാന്തരങ്ങള്‍ സഹോയുമായി പങ്കു വെച്ച് അകത്തേയ്ക്ക് കടക്കുമ്പോള്‍ റിസപ്ഷനടുത്ത് കയ്യില്‍ നിവര്‍ത്തിയൊരു പത്രവുമായി അടുത്ത കഥാപാത്രം നില്‍പ്പുണ്ട്. വലിയ കണ്ണടയും, ചാക്ക് സഞ്ചിയും തൂക്കി ഒരു പക്കാ ബുജി ലുക്കില്‍, ഭരത് ചേട്ടന്‍. നമ്മുടെ സഹോയുടെ ജ്യേഷ്ഠസഹോദരനാണ്.ചേട്ടനെ ഞാന്‍ കാണുന്നത് ഏതാണ്ട് പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം! ഞാന്‍ ഏഴിലും ചേട്ടന്‍ പത്തിലും പഠിയ്ക്കുമ്പോള്‍ സംസ്ഥാനതല ശാസ്ത്രമേളയില്‍ പങ്കെടുക്കാന്‍ പോയ ഒരു വയനാടന്‍ ഓര്‍മയാണ് എനിക്കുള്ളത്. ഈ രണ്ട് സഹോദരന്മാരെപ്പറ്റിയും അവരുടെ അദ്ധ്യാപികയായ എന്‍റെ അമ്മയില്‍ നിന്നുള്ള കേട്ടറിവാണ് കൂടുതലും... അന്ന് കണ്ടതിനേക്കാള്‍ രൂപം കൊണ്ട് വലിയ വ്യത്യാസവും, പൊക്കത്തില്‍ തീരെ വ്യത്യാസവുമില്ലാതെ നിന്ന ആ മനുഷ്യനും ഒരു വണക്കം പറഞ്ഞ് മുകളിലേക്ക് നടന്നു...

മെയിന്‍ ഹാളിനുള്ളില്‍ സെമിനാര്‍ പോടിപൊടിക്കയാണ്. രജിസ്ട്രേഷന്‍ ഫോം പൂരിപ്പിക്കുന്നതിനിടയില്‍ പെട്ടെന്നൊരു “നമസ്തേ” കേട്ട് തിരിഞ്ഞു നോക്കിയ എന്‍റെ മുന്നിലേക്ക് തലനരച്ച ചെറിയ ഒരു ജുബ്ബാമനുഷ്യന്‍ പ്രത്യക്ഷപ്പെട്ടു! അത്യുത്സാഹത്തോടെ എന്നെ നോക്കി ചിരിച്ച്, “താമസിക്കാനുള്ള സൗകര്യം വേണമല്ലോ അല്ലേ” എന്നാരാഞ്ഞ്, “വേണ്ട, അമ്മുമ്മയോടൊപ്പം നിന്നോളാം” എന്ന എന്‍റെ മറുപടിയ്ക്ക് തൊട്ടു പിറകെ “അങ്ങനെയെങ്കില്‍ അങ്ങനെ” എന്ന് പറഞ്ഞ് കാറ്റുപോലെ ആ ചെറിയ രൂപം പറന്നുപോയി! എന്താണ് സംഭവിച്ചതെന്നും ആ ആളാരാണെന്നും തിരിച്ചറിയാന്‍ ഒരു നിമിഷം വേണ്ടി വന്നു! മഹേഷ്‌ ചേട്ടന്‍. എന്നെ ഫോണില്‍ വിളിച്ച് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കുന്നുണ്ടെന്നും, വന്നാല്‍ നന്നായിരിക്കും എന്നും അറിയിച്ചത് ചേട്ടനാണ്. കുറച്ചും കൂടെ “സമൃദ്ധ”മായി പറഞ്ഞാല്‍, “നല്ല വിവരമുള്ളൊരു സംഘി!!!”

ഭാരതീയ വിചാര കേന്ദ്രം, കേന്ദ്ര സാംസ്കാരിക വകുപ്പുമായി ചേര്‍ന്ന്‍ സംഘടിപ്പിക്കുന്ന സെമിനാറാണ്. സെമിനാറിന്‍റെ വിഷയത്തില്‍ താല്പര്യം തോന്നിയത് കൊണ്ടാണ് ഒന്ന് പോയിനോക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ പേപ്പറിനെപ്പറ്റിയുള്ള ഡിസ്കഷന്‍റെ ഇടയിലാണ് എന്‍റെ തള്ളിക്കയറ്റം... എനിക്ക് ഇരിക്കാനൊരു സീറ്റ്‌ ചൂണ്ടിക്കാണിച്ചു തന്നിട്ട് സഹോ പതിയെ അയാളുടെ സീറ്റിലേക്ക് മടങ്ങി. ചെന്നിരുന്ന്‍ ചുറ്റുപാടും ഒന്ന് വീക്ഷിച്ച് കഴിഞ്ഞപ്പോള്‍ തന്നെ കാര്യങ്ങളുടെ കിടപ്പ് എനിക്ക് ഏതാണ്ട് ബോദ്ധ്യമായി... ഇത് ഞാന്‍ കരുതിയ പോലെ ചെറിയൊരു സംഗതിയല്ല, സമൂഹത്തിലെ വിവരമുള്ള മനുഷ്യന്മാരുടെ ഒരു ഒത്തുകൂടലാണ്... ജീവിതത്തെപ്പറ്റി വ്യക്തമായ ധാരണയും, സെമിനാറിന്‍റെ വിഷയത്തെപ്പറ്റി അത്യാവശ്യം നല്ല അറിവുമുള്ള, അവിടവിടെയായി മാത്രം കറുത്ത മുടികളുള്ള തല നരച്ച ജ്ഞാനികളുടെ കൂട്ടായ്മ!! മൂന്നര മണിക്കൂറിന്‍റെ മടുപ്പിക്കുന്ന യാത്രക്കിടയില്‍ ഒരു ജിജ്ഞാസയുടെ പുറത്ത് ഗൂഗിളിനോട്‌ ചോദിച്ചപ്പോ വിക്കിപീഡിയ പറഞ്ഞുതന്ന അറിവ് മാത്രമേ എനിക്കാ വിഷയത്തെപ്പറ്റി ഉണ്ടായിരുന്നുള്ളു!

ചെന്നിരുന്ന്‍ കാല്‍ മണിക്കൂറിനുള്ളില്‍ ആ ചര്‍ച്ച കഴിഞ്ഞ് ടീ ബ്രേക്ക്‌ ആയി... ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് ഇരുന്നിടത്തു നിന്ന് ചാടിയെണീറ്റ് ചുറ്റിനും ഒന്ന് നോക്കി...സമപ്രായക്കാരായ പെണ്‍കുട്ടികളാരുംതന്നെയില്ല! കട്ടപ്പോസ്റ്റടിക്കുമല്ലോ ഭഗവാനെ എന്ന് മനസ്സില്‍ വിലപിച്ച് എങ്ങോട്ട് പോകണമെന്നറിയാതെ അന്തംവിട്ടു നിന്ന എന്‍റെ മുന്‍പിലേക്ക് “ചായ കുടിക്കണ്ടേ?” എന്ന ചോദ്യവുമായി വീണ്ടും സഹോ പ്രത്യക്ഷനായി! ഒരു ആനയെ തിന്നാനുള്ള വിശപ്പ്‌ കുറച്ചു മുന്നേ വന്നിട്ട്, ഞാനൊന്നും കൊടുക്കാത്തതിന്‍റെ പ്രതിഷേധം പോലെ “എന്നാ നീയിനി ഒന്നും കഴിക്കണ്ട” എന്ന അവസ്ഥയിലെത്തിയിരുന്നു വയര്‍!

“ചായയെങ്കില്‍ ചായ” എന്ന് മനസിനെ സമാധാനിപ്പിച്ച് മുന്‍പോട്ട് നടക്കുമ്പോഴാണ് അടുത്ത കഥാപാത്രത്തിന്‍റെ രംഗപ്രവേശം... അഭിലാഷ് ശ്രീധരന്‍! ഇദ്ദേഹത്തെ ആദ്യമായാണ് നേരില്‍ക്കാണുന്നത്; ഞാനൊഴികെയുള്ള എന്‍റെ വീട്ടുകാര്‍ക്കെല്ലാം ചിരപരിചിതന്‍... തലേദിവസം അമ്മയുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ എന്‍റെ എല്ലാ കാര്യങ്ങളും നോക്കിക്കോളാം എന്നും, “കുറേ” പെണ്‍കുട്ടികള്‍ വേറെ ഉണ്ടെന്നും സമാധാനിപ്പിച്ച ഈ മഹാന്‍റെ വാക്കിന്മേലുള്ള വിശ്വാസത്തിലാണ് അമ്മ എന്നെ അങ്ങോട്ടേയ്ക്ക് അയച്ചത്. ചിരിച്ചു കൊണ്ട് മുന്‍പോട്ടു വന്ന് ഷേക്ക്‌ഹാന്‍ഡ് തന്ന്‍ “അഭിലാഷ്” എന്ന് സ്വയം പരിചയപ്പെടുത്തി. “ഓ... അറിയാം” എന്ന് ഞാനും. അങ്ങനെ ചായ കിട്ടണ സ്ഥലം ലക്‌ഷ്യം വെച്ച് ഞങ്ങള്‍ പടികളിറങ്ങി... ചായ കുടിച്ച് ഞാനും സഹോയും കുശലാന്വേഷണങ്ങള്‍ പങ്കുവയ്ക്കവേ രണ്ടു ബിസ്ക്കറ്റും ഒരു കപ്പ്‌ ചായയുമായി ഭരത് ചേട്ടനും പിന്നാലെ അഭിലാഷ് ചേട്ടനും ഞങ്ങടെ കൂടെക്കൂടി... പിന്നെ വിവേക് ചേട്ടന്‍, വിനായക്, അങ്ങനെ ആള്‍ക്കാരുടെ എണ്ണം കൂടിക്കൂടി വന്നു... വട്ടം വലുതായി...

ചായക്ക് ശേഷമുള്ള ചര്‍ച്ച തുടങ്ങി... അറിവിന്‍റെ ഒരു മഹാസാഗരത്തിലേയ്ക്ക് ഞാന്‍ വീണ്ടും എടുത്തെറിയപ്പെട്ടു... കണ്ണും മിഴിച്ച് ചുറ്റിനും നടക്കുന്നതൊക്കെ ശ്രദ്ധിക്കുന്നതിനിടയില്‍ ഞാന്‍ എന്‍റെ രണ്ടാമത്തെ തിരിച്ചറിവ് നോട്ട്പാഡിന്‍റെ ഏറ്റവും പിറകിലെ പേജില്‍ കുറിച്ചിട്ടു; “ഇവരുടെയൊക്കെ തലയില്‍ മുടിയില്ലേലും മൂളയുണ്ട്... എനിക്കാണേല്‍ മുടീമില്ല മൂളേമില്ല!!” അങ്ങനെ അങ്ങനെ തിരിച്ചറിവുകള്‍ക്കൊണ്ട് പേജ് നിറയാറായപ്പോഴേക്കും ലഞ്ച് ബ്രേക്ക്‌ എത്തി!! പ്രതിഷേധം കാണിച്ച വയര്‍ വീണ്ടും ഒന്നയഞ്ഞ് വിശപ്പിന്‍റെ വിളി തുടങ്ങിയ സമയം...

എന്‍റെ അമ്മയുടെ, “വല്ലതും കഴിച്ചു വളരെടാ...” എന്ന ഉപദേശം ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം അക്ഷരം പ്രതി അനുസരിച്ച് ഭരത് ചേട്ടന്‍ തന്‍റെ ഗുരുത്വം ഊട്ടിയുറപ്പിച്ചു കൊണ്ടിരുന്നു... “ഒരു നെത്തോലി ഫ്രൈ എങ്കിലും ആകാമായിരുന്നു” എന്ന് മഹേഷ്‌ ചേട്ടനെ ഇടയ്ക്കിടെ ഓര്‍മിപ്പിച്ചു കൊണ്ട് അഭിലാഷ് ചേട്ടനും, നോണ്‍-വെജ് ഇല്ലാത്തതിന് നന്ദി പറഞ്ഞ് കൊണ്ട് സ്വാമി ശരണം വിളിച്ച് സഹോയും... ഊണ് കഴിഞ്ഞുള്ള സെഷനില്‍ ഞാനും സഹോയും ഏറ്റവും പിറകിലെ നിരയില്‍ സ്ഥാനമുറപ്പിച്ചു... ഇടയ്ക്കിടെ ഞങ്ങളെത്തേടി വരുന്ന ക്യാമറക്കണ്ണുകളെ ഏറുകണ്ണിട്ടു നോക്കിയും “നമ്മളെയാണോ?” എന്ന സഹോയുടെ ചോദ്യത്തിനു വളരെ പ്രാധാന്യം നല്‍കി ‘ബുജീമദ്ഭാവ’ത്തോടുകൂടി “അറിയില്ല” എന്നുത്തരം പറഞ്ഞും, ചിരിയടക്കാന്‍ പാടുപെട്ടും സമയം നീങ്ങി. ഇടയ്ക്ക് കിട്ടുന്ന ഗ്യാപ്പില്‍ “ചാണകസംഘികളും” മറ്റും ഞങ്ങളുടെ ചര്‍ച്ചയില്‍ മിന്നിമറഞ്ഞു പോയി... അപ്പോഴും എന്‍റെ നോട്ട്പാഡിന്‍റെ പിന്‍ഭാഗം തിരിച്ചറിവുകളാല്‍ നിറയുന്നുണ്ടായിരുന്നു...

നാലുമണിച്ചായയ്ക്ക് ശേഷമുള്ള സെഷന് ഇരുന്നാല്‍ മടക്കം വൈകും എന്നുള്ളത് കൊണ്ട്, ചായ കുടിച്ച് പിരിയാം എന്നുറപ്പിച്ച് ഞങ്ങള്‍ വീണ്ടും പടികളിറങ്ങി. സഹോയ്ക്ക് നാട്ടിലേക്കാണ്‌ പോവേണ്ടത്, മല കയറാന്‍. എനിക്ക് അമ്മുമ്മയുടെ വീട്ടിലേക്കും. ചായ വാങ്ങാനുള്ള നീണ്ട ക്യു കണ്ട് അന്തിച്ച് നിന്ന സഹോയ്ക്ക് പതിവില്ലാത്ത വണ്ണം പെട്ടെന്നൊരു ബുദ്ധിയുദിച്ചു! “എന്തായാലും പുറത്തേക്ക് പോവ്വല്ലേ, എന്നാല്‍ ചായ പുറത്ത് നിന്നാകാം” എന്ന ആശയം. സമയം വൈകുന്നതിനു മുന്‍പ് വീട്ടിലെത്താന്‍ ആ ക്യുവിന് പിറകില്‍ നില്‍ക്കുന്നതിനെക്കാള്‍ എന്ത് കൊണ്ടും നല്ലത് അതാണെന്ന് എനിക്കും തോന്നി... ചിരാഗിന്‍റെ പ്രധാന വാതില്‍ത്തുറന്ന് പുറത്തു കടന്ന്, സഹോയും പരിവാരങ്ങളും സ്ഥിരം പോകാറുള്ള ചായക്കടയ്ക്ക് മുന്‍പിലെത്തിയപ്പോള്‍ സഹോയുടെ സംശയം, “ചായയുടെ പാകമൊക്കെ എങ്ങനെ?”

സാധാരണ ചായക്കടയില്‍പ്പോയി “ചേട്ടാ ഒരു ചായ” എന്ന് പറഞ്ഞ്, കിട്ടണത് മോന്തീട്ടു വരാറുള്ള ഞാനും ആദ്യമായിട്ടാണ് അതിനെപ്പറ്റി ചിന്തിച്ചത്... ശരിയാണ്, എല്ലാ ചായയും എനിക്കിഷ്ടപ്പെടാറില്ല...

“കടുപ്പം കൂട്ടി... മധുരം കൂട്ടി...” ഞാന്‍ പറഞ്ഞു.

“ആഹ് പൊളിച്ചു!” എന്നും പറഞ്ഞ് സഹോ പോയി രണ്ട് സ്ട്രോങ്ങ്‌ ചായ വിത്ത്‌ എക്സ്ട്രാ മധുരം ഓര്‍ഡര്‍ ചെയ്തു!

തിരിച്ച് വന്ന് “കടുപ്പം കൂ...ട്ടി... മധുരം കൂ...ട്ടി...” എന്ന് ആവര്‍ത്തിച്ചു പറഞ്ഞ് ഒരു പൊട്ടിച്ചിരിയും പാസ്സാക്കി... പിന്നെ ചായക്കഥകളായിരുന്നു കുറച്ചു നേരത്തേക്ക്...എന്‍റെ ചേട്ടനെപ്പോലെ മറ്റൊരു ചായക്കൊതിയനെ കണ്ട സംതൃപ്തി എനിക്കും...

എന്നെ ബസ്‌ കയറ്റി വിടുമ്പോള്‍ “ഇനിയെവിടെ വെച്ചെങ്കിലും കാണാം സഹോ” എന്ന് യാത്ര പറഞ്ഞ അവനോട് “മലയ്ക്ക് പോകുമ്പോള്‍ നിന്നെ ചെറിയ പുലി പിടിക്കണേ എന്ന് പ്രാര്‍ഥിക്കാം” എന്നു ദുരന്താനുഗ്രഹവുമായി ഞാനും യാത്ര പറഞ്ഞു... ഒരു നല്ല സൗഹൃദം സമ്പാദിച്ചതില്‍ മനസ്സ് നിറഞ്ഞ് ഞാനും സഹോയും രണ്ട് ദിശകളിലേക്ക് തിരിഞ്ഞു...

രണ്ടാം ദിവസം (എനിക്ക്; ശരിക്കുള്ള സെമിനാറിന്‍റെ മൂന്നാം ദിവസം).

തലേന്നത്തെ താങ്ങിനെ ഏറെക്കുറെ മിസ്‌ ചെയ്ത് “പോസ്റ്റ്” അടിച്ച് രണ്ടാം ദിവസത്തെ ആദ്യ സെഷന്‍ തുടങ്ങുന്നതിനു മുന്‍പുള്ള ഒരു അര മണിക്കൂര്‍ സമയം...

പരിചയമുള്ള ഒരു മുഖം പോയിട്ട് നരച്ച തലകളില്‍ ഒന്ന് പോലും പരിചയമുള്ളതില്ലല്ലോ എന്ന് ഉള്ളില്‍ വിമ്മിഷ്ടപ്പെട്ട് ഞാന്‍ ഇരിക്കുന്നിടത്ത് നിന്ന് ഇളകി ഇളകി ഇടയ്ക്കിടെ തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു... ഞാന്‍ ഇടയ്ക്കിടെ കടന്നു പോകാറുള്ള “Mindvoices” എന്ന പ്രക്രിയയുടെ ഒരു അതിപ്രസരമായിരുന്നു പിന്നീട്...

ചുറ്റിലും പല തരത്തിലുള്ള കുശലാന്വേഷണങ്ങള്‍...

“ചേട്ടന്മാരൊക്കെ എവിടെയാണോ ആവോ!” (mindvoice!)....... “ഓര്‍മകളുണ്ടാവാന്‍ വലിയ സമയം ഒന്നും വേണ്ടല്ലേ.......”

............“ചിന്തകളൊന്നും തമ്മില്‍ വലിയ ബന്ധം ഒന്നുമില്ലല്ലോ....!” “unstructured ചിന്തകള്‍...”
.....

സൈക്കോ അനാലിസിസ് ക്ലാസ്സിലേക്ക് മനസ്സ് ഓടിപ്പോകുന്നതിനു മുന്നേ തൊട്ടു മുന്‍പിലിരുന്ന ജ്ഞാനികള്‍ എന്തോ വലിയ കാര്യത്തെപ്പറ്റി സംസാരിക്കുന്നതിലേക്ക് അറിയാതെ ശ്രദ്ധ ആകര്‍ഷിക്കപ്പെട്ടു.... ചരിത്രമാണ്...

കുറച്ച് കഴിഞ്ഞപ്പോള്‍ mindvoices വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. ഇടയ്ക്കിടെ അവിടുന്നും ഇവിടുന്നും പല ചര്‍ച്ചകള്‍... ചിന്തകള്‍... ആര്‍ക്കിയോളജി... സെന്‍ട്രല്‍ ഏഷ്യ... കടല്... മധുരൈ... ഇന്‍വേഷന്‍... സി.പി.ഐ (ങേ?!!!) ... !!!

ഇതിനിടയില്‍ എവിടുന്നോ ഒരു വാക്യം, “മാമോദിസ മുങ്ങിയ നായര്‍!”... !!!

പൊട്ടിച്ചിരികള്‍...

“എന്തുന്നാണ് ബാബ്വേട്ടാ...” എന്ന പോലുള്ള സിനിമാ ഡയലോഗുകള്‍ ആകസ്മികമായി എന്‍റെ ഉള്ളില്‍ കടന്നു വന്നുകൊണ്ടിരിക്കുന്നു...

ഏറെ കാത്തിരുന്ന, “നന്ദേട്ടന്‍റെ” സെഷന്‍ ആയിരുന്നു അന്നാദ്യം. അത് കഴിഞ്ഞ് ചായ ബ്രേക്ക്‌ ആയപ്പോഴേക്കും പതിയെ മനസീന്നാരോ “ഒരു കമ്പനി ഉണ്ടായിരുന്നെങ്കില്‍” എന്നുറക്കെ വിലപിക്കുന്നുണ്ടായിരുന്നു... തിരിഞ്ഞു നടക്കുമ്പോള്‍ ആറടി പൊക്കത്തില്‍ രണ്ടു നുണക്കുഴികള്‍, ചിരിച്ചു കൊണ്ട് എന്‍റെ നേര്‍ക്ക് വരുന്നു... വീണ്ടും അഭിലാഷ് ശ്രീധരന്‍. “രക്ഷകാ...” എന്ന് മനസില്‍പ്പറഞ്ഞ് ചിരിച്ചുകൊണ്ട് ഞാനും ചേട്ടനും കൂടെ പടി ഇറങ്ങുമ്പോള്‍ ഭരത് ചേട്ടനും എവിടുന്നോ വന്ന് ചേര്‍ന്നു... ആ ആറടിക്കാരനും അഞ്ചര അടിക്കാരനും തമ്മിലുള്ള ബന്ധത്തെ വീക്ഷിക്കലായി അന്നെന്‍റെ നേരംപോക്ക്...

ചായക്കും ഉച്ചയൂണിനും മാത്രമാണ് അവരെ വ്യക്തമായി വീക്ഷിക്കാനുള്ള അവസരം ലഭിച്ചത്...”You are my best friend,” തലങ്ങള്‍ക്കുമപ്പുറം അര്‍ത്ഥമുള്ള ബന്ധം... “അല്ലേടാ ഭരതാ...” എന്ന് ഇടയ്ക്കിടെ കേള്‍ക്കാം... “അവനൊരു മടിയനാണ്” എന്ന് പറഞ്ഞ് ചിരിക്കുമ്പോഴും “ഒരു മൂന്നു മൂന്നര അടി പൊക്കമേ അവനുള്ളൂ” എന്ന് കളിയാക്കുമ്പോഴും “ഇതൊക്കെയാണെങ്കിലും ഞാനുണ്ടെടാ നിന്നോടൊപ്പം” എന്ന് പറയാതെ പറയുന്ന ബന്ധം... മനസു നിറയെ ആ ബന്ധത്തോട്‌ ഇഷ്ടം...

ഇതിനിടയില്‍ പരിചയപ്പെട്ട പല മുഖങ്ങള്‍ വേറെ... സെന്‍സര്‍ ബോര്‍ഡിന്‍റെ ക്രൂരതയ്ക്കിരയായി തന്‍റെ ആശയങ്ങളെ സമൂഹത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കാത്ത അമര്‍ഷം ഉള്ളിലൊതുക്കി ചിരിച്ച് നില്‍ക്കുന്ന യദു ചേട്ടന്‍, കൂടല്‍കാരന്‍ തോമസ്‌ ചേട്ടന്‍, വട്ടിയൂര്‍ക്കാവില്‍ പതഞ്‌ജലി യോഗാ സെന്‍റര്‍ നടത്തുന്ന പുഷ്പലത ചേച്ചിയും മകള്‍ വൈഷ്ണവിയും, അഭിലാഷ് ചേട്ടന്‍ പറഞ്ഞ “കുറേ” പെണ്‍കുട്ടികളായ ഗോപീകൃഷ്ണ, കവിയും കൂടിയായ ഷാജിയേട്ടന്‍... അങ്ങനെ അങ്ങനെ...

3 മണിയുടെ ബസ്‌ പിടിക്കാന്‍ വേണ്ടി 2;30ന് എന്നെ ഓട്ടോ കയറ്റി വിടുമ്പോള്‍ “എത്തുമ്പോ ഒന്ന് പറഞ്ഞേക്കണേ മോളേ...” എന്ന് മാത്രമാണ് ഭരത് ചേട്ടന്‍ പറഞ്ഞത്...

ചില ഓര്‍മകളും വ്യക്തികളും മനസ്സില്‍ എന്നും തങ്ങി നില്‍ക്കും... ഒരു ഫോട്ടോയോ സെല്‍ഫിയോ ഇല്ലാതെ സഹോയും, ഭരതനും, അഭിലാഷ് ശ്രീധരനും, പിന്നെ സമൃദ്ധമായ ചിരാഗ് ഓര്‍മകളും നിറം മങ്ങാതെ നിലനില്‍ക്കും...

ഒരു നിമിഷത്തേക്ക്, സെമിനാര്‍ ഒരു ദിവസം കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിപ്പോയി... അവരില്‍ ഒരാളാവനല്ല... പുറത്ത് നിന്ന് അവരെയൊക്കെ കാണാന്‍... ഓര്‍മകളെഴുതാന്‍...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കലൈഡോസ്കോപ്

ഛായാസ്വപ്നം